ദുബായുടെ രാത്രി കാഴ്ചകൾ ഇനി കൂടുതൽ മനോഹരമാകും; സംയോജിത അർബൻ ലൈറ്റിംഗ് വരുന്നു

വെളിച്ച സംവിധാനങ്ങൾക്ക് ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബായ് നഗരത്തിൽ സംയോജിത അർബൻ ലൈറ്റിംഗ് സംവിധാനം ആവിഷ്‌കരിച്ച് ദുബായ് മുനിസിപ്പാലിറ്റി. രാത്രികാല സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ സ്മാർട്ട് ലൈറ്റിംഗുകൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെളിച്ച സംവിധാനങ്ങൾക്ക് ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രികാലങ്ങളിൽ ദുബായിയുടെ തനതായ സാംസ്കാരിക തനിമയും ലാൻഡ്മാർക്കുകളും കൂടുതൽ ആകർഷകമായി ഉയർത്തിക്കാട്ടുന്നതിനാണ് സംയോജിത അർബൻ ലൈറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നത്. ദുബായ് ബിൽഡിംഗ് കോഡിനും ദുബായ് സിവിളിറ്റി കമ്മിറ്റിയുടെ ലക്ഷ്യങ്ങൾക്കും അനുസൃതമായാണ് സാങ്കേതികവും നിയന്ത്രണപരവുമായ പുതിയ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്.

പൊതു ഇടങ്ങളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വാണിജ്യ-വിനോദ മേഖലകളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും ഇത് വഴിയൊരുക്കും. പ്രകാശ മലിനീകരണവും കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്ന ഗ്ലെയറുകളും കുറയ്ക്കുന്നതിനൊപ്പം തീരദേശ, മരുഭൂമി പാരിസ്ഥിതിക വ്യവസ്ഥകളെ അമിത പ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനും പ്രത്യേക മാനദണ്ഡങ്ങളുണ്ട്.

കർശനമായ ഊർജ്ജക്ഷമത ഉറപ്പാക്കാൻ സ്മാർട്ട് കൺട്രോളുകൾ, ഡൈനാമിക് ഡിമ്മിംഗ് സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കും. ഇത് കാർബൺ ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഘട്ടം ഘട്ടമായായിരിക്കും പുതിയ ലൈറ്റിംഗ് നയം നടപ്പിലാക്കുക.

Content Highlights: Dubai is preparing to introduce an integrated urban lighting project to enhance the beauty of its nighttime views. The initiative aims to improve city landscapes, create a visually appealing environment, and support Dubai’s vision for smart and sustainable urban development.

To advertise here,contact us