അതിവേഗം വളരുന്ന റെസിഡന്‍ഷ്യല്‍ മേഖലകളിലെ ഗതാഗതം സുഗമമാക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). 1.161 ബില്യണ്‍ ദിര്‍ഹത്തിന്റെ കൂറ്റന്‍ റോഡ് വികസന പദ്ധതിയാണ് ദുബായ് ആര്‍ടിഎ പ്രഖ്യാപിച്ചത്. അല്‍ മെയ്ദാന്‍ സ്ട്രീറ്റ് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതി പൂര്ത്തികുന്നതോടെ മേഖലയിലെ യാത്രാസമയം മുപ്പത് മിനിറ്റില്‍ നിന്നും പത്ത് മിനിറ്റായി കുറയും.
ദുബായ് ഹില്‍സ്, നാദ് അല്‍ ഷെബ, മുഹമ്മദ് ബിന്‍ റാഷിദ് ഗാര്‍ഡന്‍സ്, ദുബായ് ഡിസ്ട്രിക്റ്റ് വണ്‍, അല്‍ ബരാരി തുടങ്ങിയ പ്രധാന മേഖലകളിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന നിവാസികള്‍ക്ക് ഈ പദ്ധതി നേരിട്ട് ഫലം നല്‍കും. പദ്ധതിയുടെ ഒന്നാം ഘട്ട കരാറില്‍ ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റിനും ഉമ്മു സുഖീം സ്ട്രീറ്റിനും ഇടയിലുള്ള പതിനാല് കിലോമീറ്റര്‍ ഭാഗത്തെ വികസന പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുന്നത്. ഇതിന്റെ ഭാഗമായി അല്‍ മറാബിയ മുതല്‍ അല്‍ മെയ്ദാന്‍ സ്ട്രീറ്റ് ജംഗ്ഷനില്‍ 1600 മീറ്റര്‍ നീളത്തിലും നാല് വരികളിലുമായി കൂറ്റന്‍ മേല്‍പ്പാലം നിര്‍മ്മിക്കും. ഇരുദിശകളിലേക്കുമായി മണിക്കൂറില്‍ 14,400 വാഹനങ്ങള്‍ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ പാലത്തിനൊപ്പം നാദ് അല്‍ ഷെബ നിവാസികള്‍ക്കായി 700 മീറ്റര്‍ എലിവേറ്റഡ് ലിങ്കും ഒരുക്കുന്നുണ്ട്.
അല്‍ ഫൈല്‍ സ്ട്രീറ്റ് മുതല്‍ അല്‍ ഖൈല്‍ റോഡ് വഴി മസ്കത്ത് സ്ട്രീറ്റ് വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ട കരാറിന്റെ പരിധിയില്‍ വരുന്നത്. അല്‍ മെയ്ദാന്‍ സ്ട്രീറ്റിനെ ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റര്‍ നീളമുള്ള മള്‍ട്ടി ലെവല്‍ ഫ്ലൈഓവറും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡും അല്‍ ഖൈല്‍ റോഡിനും സമാന്ത്രമായുള്ള ഒരു പ്രധാന തന്ത്രപ്രധാന ഇടനാഴിയാണ് അല്‍ മെയ്ദാന്‍ സ്ട്രീറ്റെന്ന് ആര്ടിം ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ വ്യക്തമാക്കി. മേഖലയിലെ ജനസംഖ്യാപരവും സാമ്പത്തികപരവുമായ വളര്‍ച്ച മുന്‍കൂട്ടി കണ്ട് ഗതാഗത പ്രവാഹം സുഗമമാക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. അടുത്തിടെ ആരംഭിച്ച ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റ് വികസന പദ്ധതിക്കൊപ്പം ഇത് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ പ്രധാനപ്പെട്ട പാതകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാകും.
Content Highlight: Dubai’s Roads and Transport Authority (RTA) has announced a new road development project aimed at increasing road capacity, reducing travel times, and improving traffic flow across key corridors in the emirate.