യുഎഇയില്‍ ഇന്ന് താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. കിഴക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ ഉണ്ടാവുകയും ഇത് പൊടിക്കാറ്റിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ചില തീരദേശ പ്രദേശങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പ്പത്തിന്റെ അളവ് ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഉള്‍നാടുകളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും തീരപ്രദേശങ്ങളിലും ദ്വീപപ്രദേശങ്ങളിലും താപനില 39 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും പര്‍വ്വത പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലും ഉള്‍പ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുമായിരിക്കും കാറ്റ് വീശുന്നത്. കൂടുതല്‍ ശക്തി പ്രാപിക്കുന്ന കാറ്റ് പൊടിപടലങ്ങള്‍ക്ക് കാരണമാകും. അതേസമയം അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കാറ്റ് നേരിയ തോതിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Content Highlight: The UAE is expected to witness temperatures reaching 48°C today, with chances of rainfall, blowing dust, and reduced visibility in several parts of the country.