ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് താമസിക്കാതെ തന്നെ യുഎഇ നിവാസികൾക്ക് ലഭ്യമാകും. യുഎഇയിൽ പ്രവർത്തിക്കുന്നതിനായി 10 വർഷത്തെ ലൈസൻസ് യുഎഇ സ്റ്റാർലിങ്ക് സ്വന്തമാക്കി. സ്റ്റാർലിങ്ക് എത്തുന്നതോടെ യുഎഇയിൽ ഇന്റർനെറ്റ് സംവിധാനം കൂടുതൽ ശക്തമാകും.
സാധാരണക്കാർ, ബിസിനസ് സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവർക്ക് പുറമെ സമുദ്ര-വ്യോമയാന മേഖലകളിലേക്കും ഇനി സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാകും. 2024-ൽ സമുദ്ര മേഖലയിലേക്ക് മാത്രമായി നൽകിയിരുന്ന അനുമതിയാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്. സേവനം എന്ന് മുതൽ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക വെബ്സൈറ്റ് വഴി ഇപ്പോൾ മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
വിലയും പ്ലാനുകളും
പ്രതിമാസ നിരക്ക്: റസിഡൻഷ്യൽ പ്ലാനുകൾക്ക് പ്രതിമാസം 300 ദിർഹമാണ് വരുന്നത് (അൺലിമിറ്റഡ് ഡാറ്റയും 30 ദിവസത്തെ സൗജന്യ ട്രയലും ലഭ്യമാണ്).
ഹാർഡ്വെയർ ചെലവ്: റൂട്ടർ അടങ്ങുന്ന സ്റ്റാർലിങ്ക് കിറ്റിന് 1,465 ദിർഹം മുതൽ ആരംഭിക്കുന്നു.
സ്പീഡ്: സെക്കൻഡിൽ 400+ Mbps വരെ ഉയർന്ന വേഗത വാഗ്ദാനം ചെയ്യുന്നു.
മുൻകൂർ തുക: പ്രീ-ഓർഡർ ചെയ്യുമ്പോൾ 300 ദിർഹം ഡെപ്പോസിറ്റായി നൽകണം. ഇത് പിന്നീട് ഹാർഡ്വെയർ കിറ്റ് വാങ്ങുന്ന തുകയിൽ നിന്ന് കുറയ്ക്കുന്നതായിരിക്കും (ചെക്ക്ഔട്ടിൽ നിലവിൽ 285.71 ദിർഹമാണ് അടയ്ക്കേണ്ടത്).
പ്ലാനുകൾ എങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്യാം?
സ്റ്റാർലിങ്കിന്റെ ഔദ്യോഗിക യുഎഇ വെബ്സൈറ്റ് സന്ദർശിച്ച് ഗെറ്റ് സ്റ്റാർട്ടഡ് (Get started) ക്ലിക്ക് ചെയ്യുക.
പിന്നാലെ ലൊക്കേഷൻ തിരഞ്ഞെടുത്ത് സേവനം ലഭ്യമാണോ എന്ന് പരിശോധിച്ച് പ്രീ-ഓർഡർ പേജിലേക്ക് കടക്കുക.
സേവനത്തെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ച ശേഷം ചെക്ക്ഔട്ട് (Checkout) ക്ലിക്ക് ചെയ്യുക.
പേര്, വിലാസം, പേയ്മെന്റ് വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
പേയ്മെന്റ് തുക ഉറപ്പുവരുത്തിയ ശേഷം പ്രീ-ഓർഡർ പ്രക്രിയ പൂർത്തിയാക്കുക.
സ്റ്റാർലിങ്കിന്റെ വരവോടെ യുഎഇയിൽ ഇന്റർനെറ്റ് സംവിധാനം കൂടുതൽ ശക്തമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പുതിയ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനും ടെലികോം മേഖലയിൽ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ ഭാഗമായാണ് ഈ നടപടി.
Content Highlights: Elon Musk’s Starlink has opened pre-bookings in the UAE, offering satellite-based internet services. Customers can now explore the available plans and service details ahead of the expected launch.