പശ്ചിമേഷ്യൻ പ്രതിസന്ധി സാഹചര്യങ്ങളിൽ നിന്ന് കരകയറി ദുബായ് വിമാനത്താവളം; സർവീസുകൾ വീണ്ടും സജീവം

സംഘർഷത്തെത്തുടർന്ന് വ്യോമപാതകൾ അടയ്ക്കേണ്ടി വന്നതും സർവീസുകൾ തടസ്സപ്പെട്ടതും യാത്രക്കാരുടെ എണ്ണത്തിൽ താൽക്കാലിക കുറവുണ്ടാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ കടുത്ത സൈനിക സംഘർഷങ്ങളും വ്യോമയാന മേഖല നേരിട്ട വൻ പ്രതിസന്ധികളും മറികടന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അതിവേഗം തിരിച്ചുവരുന്നു. ദുരന്തകരമായ സാഹചര്യങ്ങൾ നിലനിന്നിരുന്നിട്ടും കമ്പനിയിലെ ഒരു ജീവനക്കാരെപ്പോലും ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ദുബായ് എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർ കാണിച്ച സമർപ്പണവും ക്ഷമയും സമാനതകളില്ലാത്തതാണെന്നും ഉയർന്ന മനോവീര്യത്തോടെയാണ് അവർ പ്രവർത്തിച്ചതെന്നും ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

സംഘർഷത്തെത്തുടർന്ന് വ്യോമപാതകൾ അടയ്ക്കേണ്ടി വന്നതും സർവീസുകൾ തടസ്സപ്പെട്ടതും യാത്രക്കാരുടെ എണ്ണത്തിൽ താൽക്കാലിക കുറവുണ്ടാക്കിയിട്ടുണ്ട്. 2026-ന്റെ ആദ്യ പകുതിയിൽ 31.5 മില്യൺ യാത്രക്കാരാണ് എയർപോർട്ട് വഴി കടന്നുപോയത്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 31.3 ശതമാനത്തിന്റെ കുറവുണ്ടായതിനെ തുടർന്ന്, ഈ വർഷത്തെ ആകെ പ്രതീക്ഷിത യാത്രക്കാരുടെ എണ്ണം 100 മില്യണിൽ നിന്ന് 70 മില്യണായി പുനർനിർണ്ണയിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം പാദത്തോടെ സർവീസുകൾ വർദ്ധിക്കുകയും യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2027-ന്റെ തുടക്കത്തോടെ 100 മില്യൺ യാത്രക്കാരെന്ന നാഴികക്കല്ല് ദുബായ് വീണ്ടും കൈവരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിലവിൽ 56 എയർലൈനുകൾ ദുബായിൽ നിന്ന് 100 രാജ്യങ്ങളിലെ 236 നഗരങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ യൂറോപ്യൻ, അമേരിക്കൻ എയർലൈനുകൾ കൂടി പൂർണ്ണതോതിൽ മടങ്ങിയെത്തുന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാകും. താൽക്കാലികമായി നേരിട്ട ഈ പ്രതിസന്ധി വരുംമാസങ്ങളിൽ മറികടക്കുമെന്നും, തുടർച്ചയായ പന്ത്രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന കിരീടം ദുബായ് എയർപോർട്ട് തന്നെ നിലനിർത്തുമെന്നും പോൾ ഗ്രിഫിത്ത്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Content Highlights: Dubai International Airport is witnessing a strong recovery in operations and connectivity as airlines restore services and passenger confidence returns following regional disruptions.

To advertise here,contact us