ദുബായിലെ റോഡുകളിൽ വലിയ തുക പിഴ കുടിശ്ശിക വരുത്തിയും രജിസ്ട്രേഷൻ പുതുക്കാതെയും നിയമവിരുദ്ധമായി സർവീസ് നടത്തിയ 497 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. 2026-ന്റെ ആദ്യ പകുതിയിൽ നടത്തിയ ശക്തമായ പരിശോധനകളിലാണ് ആധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഇത്രയും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള കർശന നടപടികളുടെ ഭാഗമായാണ് പൊലീസ് ഈ നടപടി സ്വീകരിച്ചത്.
പിടിച്ചെടുത്ത വാഹനങ്ങളിൽ പലതിനും പതിനായിരക്കണക്കിന് ദിർഹത്തിന്റെ പിഴ കുടിശ്ശികയുണ്ടെന്ന് ട്രാഫിക് വിഭാഗം ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്മാർട്ട് ക്യാമറകളും നിർമ്മിത ബുദ്ധി (AI) പട്രോളിംഗ് സംവിധാനങ്ങളും ഉപയോഗിച്ചാണ് ദീർഘകാലമായി ഫൈൻ അടക്കാതെ നിരത്തിലിറങ്ങിയ വാഹനങ്ങളെ പൊലീസ് കണ്ടെത്തിയത്. കൃത്യമായ രജിസ്ട്രേഷനും പരിശോധനയുമില്ലാതെ വാഹനങ്ങൾ ഓടിക്കുന്നത് സ്വന്തം സുരക്ഷയ്ക്ക് മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെ ജീവനും വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വലിയ തുക പിഴയുള്ളവരും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞവരുമായ വാഹന ഉടമകൾ ഉടൻ തന്നെ കുടിശ്ശിക തുകകൾ അടച്ചുതീർക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. വരും ദിവസങ്ങളിലും നഗരത്തിലുടനീളം ഇത്തരത്തിലുള്ള സർപ്രൈസ് പരിശോധനകൾ തുടരുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
അതേസമയം, വാഹന ഉടമകൾക്ക് വലിയ തുക ഒരുമിച്ച് അടയ്ക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ദുബായ് പോലീസ് സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് പലിശരഹിത തവണ വ്യവസ്ഥയിൽ പിഴയടയ്ക്കാനുള്ള അവസരം നിലവിലുണ്ട്. ദുബായ് പൊലീസ് ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ട്രാഫിക് ഫൈനുകൾ എളുപ്പത്തിൽ പരിശോധിക്കാനും ഗഡുക്കളായി അടച്ചുതീർക്കാനും സാധിക്കും.
Content Highlights: Dubai Police have impounded 497 vehicles that were being driven despite outstanding traffic fines. The action highlights the authorities’ continued efforts to enforce traffic regulations and ensure compliance with road safety rules.