ദുബായിലെ ഏറ്റവും വലിയ വനമേഖലയായ മുഷ്രിഫ് നാഷണൽ പാർക്കിൽ സാഹസിക പ്രേമികൾക്കും പ്രകൃതിസ്നേഹികൾക്കുമായി 102 മീറ്റർ നീളമുള്ള പുതിയ പാലം തുറന്ന് ദുബായ് മുൻസിപ്പാലിറ്റി. ഒഴിവ് സമയങ്ങളിൽ നടക്കാനായി എത്തുന്നവർക്കും മൗണ്ടൻ ബൈക്കിങ് നടത്തുന്നവർക്കും കാടിനുള്ളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ ഈ പുതിയ പാലം സഹായിക്കും.
മുമ്പ് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനാൽ വേർതിരിച്ച രണ്ട് മൗണ്ടൻ ബൈക്കിങ് ട്രാക്കുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാലം. ഇതോടെ സൈക്കിൾ യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ യാത്ര നിർത്തിവെക്കേണ്ടി വരില്ല. സൈക്ലിസ്റ്റുകൾക്കും കാൽനടയാത്രക്കാർക്കുമായി രണ്ട് വെവ്വേറെ പാതകളാണ് പാലത്തിൽ ഒരുക്കിയിരിക്കുന്നത്. ഇത് അപകടങ്ങൾ ഒഴിവാക്കാനും സന്ദർശകർക്ക് പാർക്കിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനും സഹായിക്കുന്നു. പാലത്തിന് കുറുകെയുള്ള മൗണ്ടൻ ബൈക്കിങ് പാതയ്ക്ക് മാത്രം 182 മീറ്റർ നീളമുണ്ട്.
പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉപരിയായി, തടസ്സങ്ങളൊന്നുമില്ലാതെ മുഷ്രിഫ് പാർക്കിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും സൈക്ലിങും വാക്കിങും തുടരാനും സന്ദർശകർക്ക് ഇതൊരു മികച്ച അവസരമാണ് നൽകുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് മുൻസിപ്പാലിറ്റി പാർക്കിൽ പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്.
കുടുംബങ്ങൾ, സൈക്കിൾ സവാരിക്കാർ, കാൽനടയാത്രക്കാർ, ഫിറ്റ്നസ് പ്രേമികൾ തുടങ്ങി നിരവധിയാളുകളാണ് പ്രകൃതിയോട് ഇഴുകിച്ചേർന്ന അന്തരീക്ഷം ആസ്വദിക്കാൻ മുഷ്രിഫ് പാർക്കിലേക്ക് എത്തുന്നത്. നഗരവാസികൾക്കും സന്ദർശകർക്കും പ്രകൃതി ഭംഗി ആസ്വദിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന ഇടങ്ങൾ സൃഷ്ടിക്കുകയെന്ന ദുബായുടെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
Content Highlights: Dubai has opened a large new bridge at Mushrif Park, creating an added attraction for cyclists and nature lovers. The facility is expected to enhance outdoor activities and provide visitors with a new way to explore the park.