വിമാന ടിക്കറ്റ് ബുക്കിങ്ങിനായി ജയ്വാന് സ്വീകരിക്കുന്ന ആദ്യ എയർലൈനായി ഇത്തിഹാദ്. യുഎഇയുടെ ദേശീയ ആഭ്യന്തര പേയ്മെന്റ് കാർഡായ ജയ്വാന് ഉപയോഗിച്ച് ഇനി ഇത്തിഹാദ് എയർവേഴ്സ് വിമാന ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഇത്തിഹാദ് .കോം (etihad.com) വഴി യുഎഇ ആസ്ഥാനമായുള്ള ഉപഭോക്താക്കൾക്ക് ഇത്തിഹാദിന്റെ ആഗോള സർവീസ് ശൃംഖലയിലെ വിമാനങ്ങൾ ബുക്ക് ചെയ്യുമ്പോൾ ജയ്വാന് പേയ്മെന്റ് രീതി തിരഞ്ഞെടുക്കാം.
യുഎഇ സെൻട്രൽ ബാങ്കിന്റെ ഉപസ്ഥാപനമായ അൽ ഇത്തിഹാദ് പെയ്മെൻസ് (Al Etihad Payments) ആണ് ജയ്വാന് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന്റെ ദേശീയ ആഭ്യന്തര കാർഡ് പദ്ധതിയായി ജയ്വാന് ഔദ്യോഗികമായി 2026 ജൂലൈയിലാണ് അവതരിപ്പിച്ചത്. ഇത്തിഹാദും അൽ ഇത്തിഹാദ് പെയ്മെന്റ്സും തമ്മിലുള്ള വിപുലമായ പങ്കാളിത്തത്തിന്റെ ആദ്യഘട്ടമായാണ് ജയ്വാന് പേയ്മെന്റ് സൗകര്യം ഉപയോദിക്കുന്നതെന്ന് ഇത്തിഹാദ് അറിയിച്ചു. ജയ്വാന് റോയൽ കാർഡുള്ള ഇത്തിഹാദ് ഗസ്റ്റ് (Etihad Guest) അംഗങ്ങൾക്ക് വരും ദിവസങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. കംഫർട്ട്, ഡ്യീലക്സ് (Comfort, Deluxe) നിരക്കുകളിൽ പ്രത്യേക ഇളവുകൾ, മുൻഗണനാ പ്രവേശന സൗകര്യങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഈ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും ഇത്തിഹാദ് വ്യക്തമാക്കി.
ജയ്വാന് സ്വീകരിക്കുന്ന ആദ്യ എയർലൈനായി ഇത്തിഹാദ് മാറിയതിനാൽ യാത്രയ്ക്കായി പണമടയ്ക്കുമ്പോൾ യുഎഇ ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സുകൾ നൽകുന്നു എന്ന് ഇത്തിഹാദ് ഗസ്റ്റ് മാനേജിങ് ഡയറക്ടർ മാർക്ക് പോട്ടർ പറഞ്ഞു. ജയ്വാന് റോയൽ കാർഡ് ഉപയോഗിക്കുന്ന ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്കായി കൂടുതൽ റിവാർഡുകളും ഭാവിയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്വാന് കാർഡിന്റെ ഉപയോഗം യുഎഇയിലെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തിഹാദിന്റെ പുതിയ നീക്കം. ജയ്വാന് വഴി വിമാന ടിക്കറ്റുകൾക്ക് നേരിട്ട് പണമടയ്ക്കാൻ കഴിയുന്നത് കാർഡ് ഉടമകൾക്ക് കൂടുതൽ പ്രായോഗികമായ ഉപയോഗസാധ്യത നൽകുന്നതാണെന്ന് അൽ ഇത്തിഹാദ് പെയ്മെൻസ് ചീഫ് പ്രൊഡക്ട്സ് ഓഫീസർ ആൻഡ്രിയ സിയാൻചെട്ടി പറഞ്ഞു. ജയ്വാന് പദ്ധതി ആരംഭിച്ചതിന് പിന്നാലെ യുഎഇയിലെ ബാങ്കുകളും ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളും കാർഡുകൾ വിതരണം ചെയ്യുന്നത് തുടരുകയാണ്. ഇത്തിഹാദും അൽ ഇത്തിഹാദ് പെയ്മെൻസും തമ്മിൽ 2025 ഒക്ടോബറിൽ ഒപ്പുവെച്ച കരാറിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പങ്കാളിത്തം എന്നും അധികൃതർ പറഞ്ഞു.
ടൂറിസം മേഖലയിലടക്കം കൂടുതൽ സ്ഥാപനങ്ങളിൽ ജയ്വാന് സ്വീകരിക്കുന്നതിനുള്ള ശൃംഖല വിപുലീകരിക്കുമെന്ന് എമിറേറ്റ്സ് ടൂറിസം കൗൺസിൽ (Emirates Tourism Council) അറിയിച്ചു. ഇതിനൊപ്പം ഈസാദ്, ഫസാ, സദാ (Esaad, Fazaa, Saada) തുടങ്ങിയ റസിഡന്റ് ബെനഫിറ്റ് പദ്ധതികളുമായി സഹകരിച്ച് പ്രത്യേക പാക്കേജുകൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്. യുഎഇയിലെ ആഭ്യന്തര ടൂറിസം ചെലവുകൾ വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും അധുകൃതർ കൂട്ടിച്ചേർത്തു. രാജ്യത്തിനകത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയും ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മറ്റ് ടൂറിസം സേവനങ്ങൾ എന്നിവയിലെ ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണിത്. നാഷണൽ ടൂറിസം സ്ട്രാറ്റജി 2031 (National Tourism Strategy 2031) ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ നീക്കം സഹായകരമാകും. 2031ഓടെ യുഎഇയുടെ ജിഡിപിയിലേക്കുള്ള ടൂറിസം മേഖലയുടെ സംഭാവന 450 ബില്യൺ ദിർഹമായി ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlight: Etihad Airways has become the first airline to accept Jaywan card payments, allowing customers to book flights directly through its website using the UAE’s national payment card