പരമ്പരാഗത കരകൗശല വിദ്യകൾ സംരക്ഷിക്കാൻ ഷാർജ; യുഎഇയിൽ ആദ്യ 'ഇർത്തി മ്യൂസിയം' വരുന്നു

പരമ്പരാഗതമായി കൈമാറിവന്ന നിർമ്മാണ രീതികളെ ആധുനിക ഡിസൈനുകളുമായി കോർത്തിണക്കുകയാണ് മ്യൂസിയം ചെയ്യുന്നത്.

യുഎഇയുടെ പാരമ്പര്യ കരകൗശല വിദ്യകളെ സംരക്ഷിക്കാനും അവയ്ക്ക് ആധുനിക കാലത്തിനനുസരിച്ചുള്ള പുതുജീവൻ നൽകാനുമായി ഷാർജയിൽ ഇർതി മ്യൂസിയം പ്രവർത്തനം ആരംഭിച്ചു. സമകാലിക കരകൗശല കലകൾക്കായി വിഭാവനം ചെയ്ത മേഖലയിലെ ആദ്യത്തെ മ്യൂസിയമാണിത്. എമിറാത്തി സംസ്കാരത്തിന്റെ തനിമ ചോർന്നുപോകാതെ അടുത്ത തലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഇർതി കണ്ടംപററി ക്രാഫ്റ്റ്സ് കൗൺസിൽ ഈ വേദി ഒരുക്കിയിരിക്കുന്നത്.

പരമ്പരാഗതമായി കൈമാറിവന്ന നിർമ്മാണ രീതികളെ ആധുനിക ഡിസൈനുകളുമായി കോർത്തിണക്കുകയാണ് മ്യൂസിയം ചെയ്യുന്നത്. ഗവേഷണം, പരിശീലനം, ഡിസൈനുകളിലെ നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പാരമ്പര്യ കലാകാരന്മാർക്ക് അന്താരാഷ്ട്ര തലത്തിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും. ഷാർജ ക്രിയേറ്റീവ് ക്വാർട്ടറിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാടോടി കലകളുടെയും കരകൗശലങ്ങളുടെയും യുനെസ്കോ ക്രിയേറ്റീവ് സിറ്റിയായ ഷാർജയുടെ സാംസ്കാരിക പദവിക്ക് കൂടുതൽ മാറ്റ് കൂട്ടുന്നതാണ് ഈ പുതിയ ചുവടുവെപ്പ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി എമിറാത്തി കരകൗശല വിദഗ്ദ്ധരെ ശാക്തീകരിക്കുന്നതിനായി ഇർതി നടത്തുന്ന നിരന്തര പരിശ്രമങ്ങളുടെ ഉച്ചസ്ഥായിയാണ് മ്യൂസിയത്തിന്റെ ഉത്ഘാടനം. പൈതൃകത്തെ കേവലം മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളായി ഒതുക്കാതെ, കാലത്തിനൊപ്പം വളരുന്ന ജീവസ്സുറ്റ പാരമ്പര്യമായി കാത്തുസൂക്ഷിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇർതി ഡയറക്ടർ ജനറൽ റീം ബിൻ കറം അഭിപ്രായപ്പെട്ടു.

Content Highlights: Sharjah is preparing to launch the UAE's first Irthi Museum, dedicated to preserving traditional crafts and cultural heritage. The initiative aims to celebrate Emirati craftsmanship and pass traditional skills on to future generations.

To advertise here,contact us