ഉയർന്ന മോശം കൊളസ്ട്രോൾ (എൽ.ഡി.എൽ-സി) നിയന്ത്രിക്കുന്നതിനുള്ള പുതിയ മരുന്നായ 'ലിപ്ഫെൻഡ്ര'യ്ക്ക് (Lipfendra) അംഗീകാരം നൽകി യുഎഇ. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് (EDE) ഈ നൂതന ഔഷധത്തിന് അനുമതി നൽകിയത്. ഇതോടെ അമേരിക്കയ്ക്ക് ശേഷം ഈ അത്യാധുനിക ചികിത്സാ രീതിക്ക് അംഗീകാരം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി യുഎഇ മാറി.
എൻലിസിറ്റൈഡ് (Enlicitide) എന്ന സജീവ ഘടകം അടങ്ങിയിട്ടുള്ള ഈ മരുന്ന്, രക്തത്തിലെ സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീൻ അഥവാ എൽ.ഡി.എൽ-സി (LDL-C) കൊളസ്ട്രോളിന്റെ അളവ് ഉയർന്ന നിലയിലുള്ളവർക്കാണ് പ്രധാനമായും നിർദ്ദേശിക്കുന്നത്. കൂടാതെ, ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന പാരമ്പര്യ രോഗങ്ങളുള്ളവർക്കും ജീവിതശൈലി മാറ്റങ്ങൾ വരുത്തിയിട്ടും കൊളസ്ട്രോൾ കുറയാത്ത മുതിർന്നവർക്കും ഈ മരുന്ന് ഏറെ ആശ്വാസകരമാകും.
ദിവസത്തിൽ ഒരിക്കൽ കഴിക്കേണ്ട ഈ ഗുളിക, കൃത്യമായ സമീകൃതാഹാരവും പതിവ് വ്യായാമവും ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും വ്യായാമത്തിനും പകരമായി ഈ മരുന്ന് ഉപയോഗിക്കരുതെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. രോഗിയുടെ മെഡിക്കൽ ചരിത്രവും കൊളസ്ട്രോളിന്റെ അളവും കൃത്യമായി പരിശോധിച്ച ശേഷം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കും ചികിത്സ തീരുമാനിക്കുക.
രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെയും ഔഷധ പരിചരണത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ലോകോത്തരവും നൂതനവുമായ ചികിത്സകൾ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മരുന്നിന് അനുമതി നൽകിയിട്ടുള്ളത്.
Content Highlights: The UAE has approved a new medication aimed at controlling high cholesterol levels. The approval is expected to expand treatment options for patients and support better management of cholesterol-related health conditions.