യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കനത്ത പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നതിനെ തുടർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
കടുത്ത വേനൽക്കാലത്തിനിടെ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് യുഎഇയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് മണി വരെ രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിലും ചില ഉൾനാടൻ മേഖലകളിലും മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ രൂപപ്പെടുമെന്ന് എൻസിഎം വ്യക്തമാക്കി. അൽ ഐന്‍ വടക്കുള്ള അൽ ഷുവൈബ് റോഡിൽ പെയ്ത കനത്ത മഴയുടെ ദൃശ്യങ്ങൾ സ്റ്റോം സെന്റർ പുറത്തുവിട്ടു.
മേഘരൂപീകരണത്തോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മണ്ണും പൊടിയും ഉയർന്നതിനെ തുടർന്ന് പലയിടങ്ങളിലും കാഴ്ചപരിധി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പൊടിക്കാറ്റുള്ള സമയങ്ങളിലും കാഴ്ചപരിധി കുറയുമ്പോഴും റോഡിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
വേനൽക്കാലത്ത് തുടരുന്ന ഈ മഴയും കാറ്റും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും കാരണമാകുന്നുണ്ട്. താമസക്കാർ കാലാവസ്ഥാ പ്രവചനങ്ങളും എൻസിഎം നൽകുന്ന ഔദ്യോഗിക ജാഗ്രതാ നിർദ്ദേശങ്ങളും നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: The UAE is expected to witness strong weather conditions, including heavy rain and dust storms. Authorities have issued safety instructions for drivers to exercise caution due to reduced visibility and challenging road conditions.