യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ശ്മശാനം; ഭൂമി അനുവദിച്ച് ഭരണാധികാരി

ശ്മശാന കേന്ദ്രത്തിന്റെ നിര്‍മ്മാണം, ഭരണ നിര്‍വഹണം, ഭാവി പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിക്കായിരിക്കും

യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം സ്ഥാപിക്കാനായി ഭൂമി അനുവദിച്ച് റാസല്‍ഖൈമ ഭരണകൂടം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമിക്കും ഭരണകൂടത്തിനും ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തി.

തിങ്കളാഴ്ച ഭരണാധികാരി ശൈഖ് സൗദിനെ സന്ദര്‍ശിച്ച ശേഷം ഇന്ത്യന്‍ ഫിലീഫ് കമ്മിറ്റി (ഐആര്‍സി-റാക്) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ജസീറ അല്‍ ഹംറയില്‍ ശ്മശാന കേന്ദ്രം സ്ഥാപിക്കുന്നതിനായി റാസല്‍ഖൈമ സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഔദ്യോഗികമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു.

ശ്മശാന കേന്ദ്രത്തിന്റെ നിര്‍മ്മാണം, ഭരണ നിര്‍വഹണം, ഭാവി പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിക്കായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിര്‍വഹണത്തിന് തുടക്കമെന്ന നിലയില്‍ റാസല്‍ഖൈമ മുനിസിപ്പാലിറ്റി നല്‍കിയ സ്ഥലത്തിന്റെ സ്‌കെച്ച് മാപ്പ് സതീഷ് കുമാര്‍ ശിവന്‍ കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് കൈമാറി. കോണ്‍സല്‍ ജനറലെന്ന നിലയില്‍ സേവന കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന സതീഷ് കുമാര്‍ ശിവനെ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയിലായിരുന്നു ആദരം.

ഐആര്‍സി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി പത്മരാജ് എന്നിവര്‍ സതീഷ് ശിവനെ സ്വീകരിച്ചു. കോര്‍ കമ്മിറ്റി അംഗങ്ങളായ രാജീവ് രഞ്ജന്‍ സിങ്, സുപ്രിയ ഘോഷ്, പ്രദീപ് വര്‍മ്മ, ശ്രീധരന്‍ പ്രസാദ്, അനില്‍ വിദ്യാധരന്‍ എന്നിവരും സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ അല്‍ദാന തുടങ്ങിയവര്‍ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും സതീഷ് കുമാര്‍ ശിവന് നന്ദി പറഞ്ഞു.

Content Highlight: UAE authorities have allocated land for a crematorium for the Indian community, providing improved funeral facilities for Indian expatriates

To advertise here,contact us