വിവാഹത്തിന് ഒരുങ്ങുന്ന എമിറാത്തി ദമ്പതികള്‍ക്ക് 'ഹാപ്പിനസ് കാര്‍ഡ്'; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കരാര്‍ പ്രകാരം 'ദുബായ് വെഡ്ഡിംഗ്‌സ്' പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഹാപ്പിനസ് കാര്‍ഡ് സൗജന്യമായി ലഭിക്കും

വിവാഹത്തിന് ഒരുങ്ങുന്ന യുഎഇ സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുമായി (സിഡിഎ) ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാമിന് കീഴിലുള്ള 'ദുബായ് വെഡ്ഡിംഗ്‌സ്' പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ജിഡിആര്‍എഫ്എയുടെ 'ഹാപ്പിനസ് കാര്‍ഡ്' സൗജന്യമായി നല്‍കുന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.

'ഇയര്‍ ഓഫ് ദ ഫാമിലി'യുടെ ഭാഗമായി എമിറാത്തി കുടുംബങ്ങളുടെ സ്ഥിരതയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനാണ് ഈ സംയുക്ത സംരംഭം നടപ്പാക്കുന്നത്. ദുബായ് സോഷ്യല്‍ അജണ്ട 33-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കുടുംബശാക്തീകരണത്തിനും ഈ സഹകരണം സഹായകമാകും.

ജനറല്‍ ഡയറക്ടറേറ്റിന്റെ ഹെഡ് കോര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ജിഡിആര്‍എഫ്എ ദുബായ് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അല്‍ മര്‍റിയും സിഡിഎ ഡയറക്ടര്‍ ജനറല്‍ ഹെസ്സ ബിന്ത് ഈസ ബുഹുമൈദും ഇത് സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. സിഡി എയുടെ സോഷ്യല്‍ ഡെവലപ്മെന്റ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെയ്ഖ അഹമ്മദ് അബ്ദുല്‍റഹ്‌മാന്‍ അല്‍ ജര്‍മാനും ഇരുസ്ഥാപനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു

കരാര്‍ പ്രകാരം 'ദുബായ് വെഡ്ഡിംഗ്‌സ്' പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഹാപ്പിനസ് കാര്‍ഡ് സൗജന്യമായി ലഭിക്കും.

ഇതിലൂടെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. കാര്‍ഡിന്റെ സേവനങ്ങളും ഉപയോഗ രീതിയും ഗുണഭോക്താക്കളെ പരിചയപ്പെടുത്തുന്നതിനായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സാധാരണ സേവനങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നും ജനങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റം സൃഷ്ടിക്കുന്ന സംയോജിത പദ്ധതികള്‍ രൂപപ്പെടുത്താനുള്ള വേദിയാണിതെന്നും ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. വിവാഹ ജീവിതത്തിന് തുടക്കമിടുന്ന സ്വദേശി യുവജനങ്ങള്‍ക്ക് പ്രയോജനകരമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ കുടുംബസ്ഥിരത ശക്തിപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യു എ ഇ സ്വദേശി- കുടുംബങ്ങളുടെ സ്ഥിരത ഉറപ്പാക്കാനും വിവാഹത്തിന് ഒരുങ്ങുന്ന യുവജനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംയോജിത പ്രവര്‍ത്തനം അനിവാര്യമാണെന്ന് സിഡിഎ ഡയറക്ടര്‍ ജനറല്‍ ഹെസ്സ ബിന്ത് ഈസ ബുഹുമൈദ് പറഞ്ഞു. വിവാഹത്തിന് തയ്യാറെടുക്കുന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതില്‍ ഈ പങ്കാളിത്തം നിര്‍ണായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ധാരണാപത്രം ഒപ്പുവെച്ച ചടങ്ങില്‍, അന്നേദിവസം വിവാഹിതരായ രണ്ട് എമിറാത്തി ദമ്പതികള്‍ക്ക് ഹാപ്പിനസ് കാര്‍ഡ് കൈമാറി.

Content Highlights: The General Directorate of Identity and Foreigners Affairs (GDRFA) Dubai and the Community Development Authority (CDA) have signed a memorandum of understanding to provide enhanced benefits and support services for Emirati men and women preparing for marriage

To advertise here,contact us