ചെർക്കളം അബ്ദുള്ള സാഹിബ് ചരമവാർഷികം: ദുബായിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കെഎംസിസി

ദേര നൈഫിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു രക്തദാനം നിർവ്വഹിച്ചു.

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന മർഹൂം ചെർക്കളം അബ്ദുള്ള സാഹിബിന്റെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദേര നൈഫിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു രക്തദാനം നിർവ്വഹിച്ചു.

ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

മർഹൂം ചെർക്കളം അബ്ദുള്ള സാഹിബ് ജനങ്ങളുടെ പ്രശ്നങ്ങളിൽ എന്നും മുൻപന്തിയിൽ നിലയുറപ്പിച്ച ജനകീയ നേതാവായിരുന്നുവെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് അഫ്സൽ മെട്ടമ്മൽ പറഞ്ഞു. അദ്ദേഹത്തിന്റെ എട്ടാം ഓർമ്മദിനത്തോടനുബന്ധിച്ച് കെഎംസിസി സംഘടിപ്പിച്ച ഈ രക്തദാന ക്യാമ്പ്, അദ്ദേഹത്തിന്റെ സേവന പാരമ്പര്യത്തിനുള്ള ഉചിതമായ ആദരവാണെന്നും ജീവൻ രക്ഷിക്കുന്ന മഹത്തായ കാരുണ്യപ്രവർത്തനമാണ് രക്തദാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹത്തായ ഈ കാരുണ്യ സംരംഭത്തിന് സിഎച്ച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഫൈസൽ മുഹ്‌സിൻ തളങ്കര, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ പട്ടേൽ, മുനീർ പള്ളിപ്പുറം, ഷംസു മാഷ് പാടലടുക്ക, സാബിത് പിസി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

Content Highlights: As part of the death anniversary observance of Cherkalam Abdulla, KMCC organised a blood donation camp in Dubai. The event witnessed active participation from members and volunteers, promoting the message of social service.

To advertise here,contact us