പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ എഞ്ചിൻ ഓഫാക്കാതെ നിർത്തിയിട്ട് പോകുന്ന ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടിയുമായി അബുദാബി പൊലീസ്. ഇത്തരത്തിൽ വാഹനം സ്റ്റാർട്ടാക്കി ഇട്ടിട്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 500 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
എഞ്ചിൻ ഓഫ് ചെയ്യാത്ത വാഹനങ്ങളിൽ കുട്ടികളെ, പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചിരുത്തി പോകുന്നത് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വീട്ടിലായാലും പൊതുസ്ഥലങ്ങളിലായാലും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് എഞ്ചിൻ പൂർണ്ണമായും ഓഫ് ചെയ്ത്, താക്കോൽ കൈയ്യിലെടുത്ത്, വാഹനം സുരക്ഷിതമായി ലോക്ക് ചെയ്തുവെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുലർത്തേണ്ട ജാഗ്രത വ്യക്തമാക്കുന്ന ബോധവത്കരണ വീഡിയോയും അബുദാബി പൊലീസ് പങ്കുവെച്ചിട്ടുണ്ട്. വാഹനം ഓഫാക്കാൻ എടുക്കുന്ന ഏതാനും നിമിഷങ്ങൾ വൻ മോഷണങ്ങളും അപകടങ്ങളും ഒഴിവാക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും. വേനൽക്കാലത്ത് വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നതിനെതിരെ രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.
കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് നിസ്സാരമായ ഒരു തെറ്റല്ലെന്നും അത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പൊലീസ് വ്യക്തമാക്കി. യുഎഇ നിയമപ്രകാരം കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കുന്ന രക്ഷിതാക്കൾക്ക് ഭീമമായ തുക പിഴ ലഭിക്കുന്നതിനൊപ്പം തടവുശിക്ഷയും നേരിടേണ്ടി വരും.
ഗ്രോസറികളിലോ കടകളിലോ കയറുമ്പോഴും എടിഎം ഉപയോഗിക്കുമ്പോഴും പെട്രോൾ പമ്പുകളിലും പ്രാർത്ഥനയ്ക്കായി പോകുമ്പോഴും വാഹനം സ്റ്റാർട്ടാക്കി ഇട്ടിട്ടു പോകുന്ന ശീലം പലർക്കുമുണ്ട്. ഇത് വാഹനം മോഷണം പോകാനും അതിനുള്ളിൽ തീപിടിത്തം ഉണ്ടാകാനുമുള്ള സാധ്യത വൻതോതിൽ വർദ്ധിപ്പിക്കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കുന്നു.
Content Highlights: Abu Dhabi Police have urged motorists not to leave their vehicles unattended while the engine is running. Authorities warned that violating the rule could result in fines, emphasizing that the measure is intended to enhance public safety, prevent vehicle theft, and encourage responsible driving practices.