പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സുരക്ഷാപ്രശ്നങ്ങളെ തുടർന്ന് ജൂലൈ 25 വരെ കേരളത്തിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ എയർപോർട്ടുകളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള സർവീസുകളെയാണ് ഇത് ബാധിച്ചത്. യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര തീരുമാനമെന്നാണ് എയർലൈൻ അധികൃതർ നൽകുന്ന വിശദീകരണം.
സ്കൂൾ അവധിക്കാലമായതിനാൽ നിരവധി മലയാളി പ്രവാസികളാണ് നാട്ടിലേക്ക് പോകാനും അവധി കഴിഞ്ഞ് തിരികെ ഗൾഫ് നാടുകളിലേക്ക് മടങ്ങാനുമായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ പെട്ടെന്നുണ്ടായ ഈ സർവീസ് റദ്ദാക്കൽ യാത്രക്കാരെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. മറ്റ് ചില എയർലൈനുകൾ സമാന റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന പരിഗണന നൽകുന്നത് എന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. ഇതോടെ വലിയ തുക നൽകി മറ്റ് എയർലൈനുകളിൽ ടിക്കറ്റെടുക്കാനോ അല്ലെങ്കിൽ യാത്ര തന്നെ നിർത്തിവെക്കാനോ നിർബന്ധിതരായിരിക്കുകയാണ് പ്രവാസികൾ.
കഴിഞ്ഞ ജൂലൈ 20-ാം തീയതി ബഹ്റൈൻ എയർ നാവിഗേഷൻ സംവിധാനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ തുടർന്നാണ് വ്യോമമേഖലയിൽ പ്രതീകൂല സാഹചര്യമുണ്ടായതും സർവീസുകൾ താറുമാറായതും. എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ മറ്റ് പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. എമിറേറ്റ്സ്, സൗദി എയർലൈൻസ് എന്നിവ ജൂലൈ 31 വരെയും ഖത്തർ എയർവേസ് ജൂലൈ 25 വരെയും ഷെഡ്യൂളുകൾ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, സർവീസ് റദ്ദാക്കിയതിനെ തുടർന്ന് വലഞ്ഞ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ചില തീരുമാനങ്ങളും വന്നിട്ടുണ്ട്. റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനോ, അല്ലെങ്കിൽ യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പോ ഏഴ് ദിവസത്തിനകമോ ഉള്ള സൗകര്യപ്രദമായ മറ്റ് തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നൽകാനോ ഉള്ള സൗകര്യം ട്രാവൽ ഏജൻ്റുമാർക്ക് എയർലൈനുകൾ നൽകിയിട്ടുണ്ട്.
Content Highlights: Air India Express has temporarily suspended select flight services to Kerala, impacting thousands of expatriate travellers. The airline cited operational reasons for the cancellations, prompting passengers to seek alternative travel arrangements while awaiting further updates on service resumption.