അല്‍ഹിന്ദ് പ്രവര്‍ത്തനം ആരംഭിച്ചു; പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇനി എളുപ്പം, പ്രവാസികള്‍ക്ക് ആശ്വാസം

ഇന്ന് രാവിലെയാണ് 16 കേന്ദ്രങ്ങളില്‍ അല്‍ഹിന്ദിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് യുഎഇയില്‍ അല്‍ഹിന്ദിന്റെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇന്ന് രാവിലെയാണ് 16 കേന്ദ്രങ്ങളില്‍ അല്‍ഹിന്ദിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് തീരുമാനം. എംബസിയും കോണ്‍സുലേറ്റും നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് ഇതോടെ നിര്‍ത്തിവെച്ചിട്ടുണ്ട്.

സേവനങ്ങള്‍ക്ക് അപ്പോയിന്‍മെന്റ് എടുക്കാന്‍ പുതിയ വെബ്‌സൈറ്റും പ്രഖ്യാപിച്ചു. യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് consularsevainuae.com എന്ന വെബ്‌സൈറ്റ് വഴിയാണ് ഇനി അപ്പോയ്‌മെന്റ് എടുക്കേണ്ടത്. എല്ലാ ദിവസംവും രാവിലെ ഒമ്പത് മണിക്കും രാത്രി ഒമ്പത് മണിക്കും അപ്പോയ്‌മെന്റ് എടുക്കാന്‍ സൗകര്യമുണ്ടാകും. യുഎഇയുടെ വിവിധ എമിറേറ്റുകളിലെ അല്‍ഹിന്ദ് ഗ്ലോബല്‍ കേന്ദ്രങ്ങള്‍ വഴിയാണ് സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്കും രാത്രി ഒമ്പത് മണിക്കും മാത്രമാണ് അപ്പോയിന്‍മെന്റ് സ്ലോട്ടുകള്‍ ലഭ്യമാക്കുക. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് സെന്ററുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ അപ്പോയിന്‍മെന്റ് ലഭിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകര്‍ക്ക് കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.

അടിയന്തര സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ആശ്വാസമേകുന്ന തീരുമാനങ്ങളും എംബസി അറിയിച്ചിട്ടുണ്ട്. തത്കാല്‍ പാസ്പോര്‍ട്ട്, നവജാതശിശുക്കളുടെ പാസ്പോര്‍ട്ട് അപേക്ഷകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുക്കേണ്ടതില്ല. ഇവര്‍ക്ക് നേരിട്ടെത്തി ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാ ക്രമത്തില്‍ സേവനം പ്രയോജനപ്പെടുത്താം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഫീസിന് പുറമെ 19 യുഎഇ ദിര്‍ഹമാണ് നികുതി ഉള്‍പ്പെടെ അല്‍ഹിന്ദ് സേവന നിരക്കായി ഈടാക്കുന്നത്.

ജൂലൈ ഒന്ന് മുതല്‍ അല്‍ഹിന്ദിന് പാസ്‌പോര്‍ട്ട് സേവന കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ടെണ്ടര്‍ ചോദ്യം ചെയ്ത് ചില സ്ഥാപനങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ശേഷം ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടന്ന നിയമപോരാട്ടങ്ങള്‍ക്ക് പിന്നാലെ സുപ്രീം കോടതി മൂന്ന് മാസത്തേക്ക് ഏജന്‍സിയെ തീരുമാനിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഈ അനുമതിയെ തുടര്‍ന്നാണ് മൂന്ന് മാസത്തേക്ക് അല്‍ഹിന്ദിനെ സര്‍ക്കാര്‍ തീരുമാനിച്ചത്.

Content Highlights: Alhind has launched operations at 16 passport service centres across the UAE. The new centres are expected to provide passport-related assistance and streamline services for the Indian expatriate community

To advertise here,contact us