ലോക്‌സഭാ സ്പീക്കറെ സന്ദർശിച്ച് യുഎഇ പ്രതിനിധിസംഘം

'പരസ്പര വിശ്വാസം, പൊതുവായ താൽപ്പര്യങ്ങൾ, സഹകരണം എന്നിവയിൽ അധിഷ്ഠിതമായി ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തവും ദൃഢവുമായ പങ്കാളിത്തത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച'

യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധിസംഘം പാർലമെന്റ് ഹൗസിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ചു. പരസ്പര വിശ്വാസവും പൊതുതാൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-യുഎഇ ശാശ്വത പങ്കാളിത്തത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഓം ബിർല പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്തു.

'യുഎഇ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കൊപ്പം യുഎഇയുടെ സാമ്പത്തിക, ടൂറിസം മന്ത്രി ശ്രീ അബ്ദുള്ള ബിൻ തൗഖ് അൽ മർറിയെ പാർലമെന്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. പരസ്പര വിശ്വാസം, പൊതുവായ താൽപ്പര്യങ്ങൾ, സഹകരണം എന്നിവയിൽ അധിഷ്ഠിതമായി ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തവും ദൃഢവുമായ പങ്കാളിത്തമാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിച്ചത്. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രതിബദ്ധതയും വീണ്ടും ഉറപ്പിക്കാനായി', ഓം ബിർല എക്സിൽ കുറിച്ചു.

ഇന്ത്യയിലെ പുതിയ യു എ ഇ സ്ഥാനപതി അബ്ദുള്ള അൽ നുഐമി, അബുദബി ചേംബർ ബോർഡ് അംഗവും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി എന്നിവരും കൂടിക്കാഴ്ചയില്‍ ഭാഗമായിരുന്നു. ഇന്ത്യൻ പാർലമെൻ്റിൻ്റെ പ്രവർത്തന രീതികളും സ്പീക്കർ പ്രതിനിധികൾക്ക് വിവരിച്ചു നൽകി.

Content Highlight: UAE delegation met the Lok Sabha Speaker to discuss parliamentary cooperation and strengthen bilateral relations between India and the UAE

To advertise here,contact us