ജോലി, താമസം, സന്ദര്‍ശന വിസ എന്നിവ വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കുന്ന വ്യാജ പരസ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ദുബായ് പൊലീസിന്റെ ആന്റി-ഫ്രോഡ് സെന്റര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ദുബായില്‍ വ്യാജ വിസയും ജോലി വാഗ്ദാനങ്ങളും നല്കി പണം തട്ടുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ, മെസേജിംഗ് ആപ്പുകള്‍, വ്യാജ വെബ്സൈറ്റുകള്‍ എന്നിവയിലൂടെ തട്ടിപ്പുകാര്‍ ആളുകളെ ലക്ഷ്യമിടുന്നതായാണ് മുന്നറിയിപ്പ്.
വിദേശത്ത് ജോലി ലഭ്യമാക്കാമെന്നും ജോലി, വിസ, താമസം തുടങ്ങിയവ ഉറപ്പായും ലഭിക്കുമെന്നും വാഗ്ദാനം ചെയ്ത് മുന്‍കൂര്‍ തുക ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്ന് പൊലീസ് അറിയിച്ചു. നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ വിസ ലഭ്യമാക്കാമെന്നോ വേഗത്തില്‍ ജോലി ഉറപ്പാക്കാമെന്നോ പറയുന്ന ഏത് ഓഫറും സംശയത്തോടെ സമീപിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി ''Be Aware of Fraud'' എന്ന പേരില്‍ ക്യാമ്പയിനും പൊലീസ് നടത്തുന്നുണ്ട്.
പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, പരിശോധന നടത്തുക എന്നിവയാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരായ ആദ്യ പ്രതിരോധമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വാഗ്ദാനം ചെയ്യുന്ന വിസകളുടെയോ ജോലികളുടെയോ വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
സംശയാസ്പദമായ സന്ദേശങ്ങളോ വെബ്സൈറ്റുകളോ ലഭിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ ദുബായ് പൊലീസ് ആപ്പ് അല്ലെങ്കില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ അറിയിക്കുന്ന ഇ-ക്രൈം പ്ലാറ്റ്ഫോമിലോ അല്ലെങ്കില്‍ 901 എന്ന നമ്പറിലോ വിളിച്ച് അറിയിക്കണമെന്ന് ദുബായ് പൊലീസ് ആവശ്യപ്പെട്ടു.
Content Highlight: Dubai Police has warned residents against online scams involving fake visa and job offers, urging the public to stay vigilant