വിസ സേവനങ്ങളിൽ റെക്കോർഡ് നേട്ടവുമായി ദുബായ്; ആറുമാസത്തിൽ നൽകിയത് 70 ലക്ഷത്തിലധികം പെർമിറ്റുകൾ

വിവിധ ആവശ്യങ്ങൾക്കായി ദുബായിൽ എത്തുന്നവർക്കായി വൈവിധ്യമാർന്ന വിസ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്

ദുബായിൽ 2026-ന്റെ ആദ്യ ആറ് മാസത്തിൽ വിസ, റെസിഡൻസ് സേവനങ്ങളിൽ വൻ കുതിച്ചുചാട്ടം. ഈ കാലയളവിൽ 10,51,978 പുതിയ റെസിഡൻസ് പെർമിറ്റുകളും 9,10,552 പെർമിറ്റ് പുതുക്കലുകളും നടപ്പിലാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു. കൂടാതെ, 50,78,078 എൻട്രി പെർമിറ്റുകളും 66,000 ഗോൾഡൻ വിസകളും ഉൾപ്പെടെ 70 ലക്ഷത്തിലധികം സേവനങ്ങളാണ് ആദ്യ പകുതിയിൽ മാത്രം പൂർത്തിയാക്കിയത്.

സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ചുകൊണ്ട് 100 ശതമാനം ഡിജിറ്റൽ പരിവർത്തനവും പൂർത്തീകരണ നിരക്കും കൈവരിക്കാൻ ജിഡിആർഎഫ്എയ്ക്ക് സാധിച്ചു. അപേക്ഷകൾ തീർപ്പാക്കാൻ ശരാശരി നാല് മിനിറ്റിൽ താഴെ സമയം മാത്രമാണ് എടുത്തത്. ഉപഭോക്തൃ സംതൃപ്തി 95 ശതമാനത്തിൽ എത്തിയതും ഡിജിറ്റൽ സേവന രംഗത്ത് ദുബായ് കൈവരിച്ച മുന്നേറ്റത്തിന്റെ തെളിവാണെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കായി ദുബായിൽ എത്തുന്നവർക്കായി വൈവിധ്യമാർന്ന വിസ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് പുറമേ, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ 29,456 വിസകളും അനുവദിച്ചു. കൂടാതെ, മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്കായി 73,551 എൻട്രി വിസകളും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും പങ്കെടുക്കാൻ എത്തുന്നവർക്കായി ഇന്റർനാഷണൽ ഇവന്റ്സ് വിസകളും നൽകി.

ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഗോൾഡൻ റെസിഡൻസി പദ്ധതിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആറുമാസത്തിനിടെ 66,000 ഗോൾഡൻ വിസകൾ വിതരണം ചെയ്തു. നിക്ഷേപകർ, ശാസ്ത്രജ്ഞർ, സംരംഭകർ, കലാ-കായിക പ്രതിഭകൾ, മികച്ച വിദ്യാർത്ഥികൾ എന്നിവർക്കാണ് ഈ ദീർഘകാല താമസാനുമതി നൽകുന്നത്. ഇതിനോടൊപ്പം വിരമിച്ചവർക്കായുള്ള റിട്ടയർമെന്റ് റെസിഡൻസി പദ്ധതിയും വിജയകരമായി തുടരുന്നുണ്ട്.

ആഗോള തലത്തിൽ ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമായ നഗരമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നേട്ടങ്ങളെന്ന് ജിഡിആർഎഫ്എ അധികൃതർ വ്യക്തമാക്കി.

Content Highlights: Dubai recorded a major achievement in visa services by issuing over 7 million permits within six months. The growth reflects the emirate’s increasing appeal among residents, visitors, and investors.

To advertise here,contact us