UAE ലോട്ടറി: 'കേരളത്തിലേക്ക് മടങ്ങുന്നു, ഇനി ജീവിതം കുടുംബത്തോടൊപ്പം'; കോടികൾ നേടിയ തിരുവനന്തപുരം സ്വദേശി

വളരെ ചെറുപ്പത്തില്‍ തന്നെ ജോലി ചെയ്യുന്നുണ്ടെന്നും വിശ്രമിക്കാനുള്ള യഥാര്‍ത്ഥ സമയമാണിതെന്നും സുനില്‍ കുമാര്‍ പറയുന്നു

യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ 30 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശി സുനില്‍ കുമാര്‍ സദാശിവന്‍ യുഎഇ വിടുന്നു. ജോലി രാജിവെച്ച് കേരളത്തിലേക്ക് മടങ്ങുകയാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. തന്റെ കൂടെ ടിക്കറ്റ് പങ്കുവെച്ച സുഹൃത്തിന് ലഭിച്ച പണത്തിന്റെ പകുതി കൈമാറുമെന്നും എന്നിട്ട് കേരളത്തിലേക്ക് പോകുമെന്നും സുനില്‍ കുമാര്‍ സദാശിവന്‍ ഗള്‍ഫ് ന്യൂസിനോടായി പങ്കുവെച്ചു.

'വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. വിശ്രമിക്കാനുള്ള യഥാര്‍ത്ഥ സമയമാണിതെന്ന് കരുതുന്നു. വീട്ടിലേക്ക് പോകാനാണ് ഞാന്‍ ആലോചിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. യുഎഇ ലോട്ടറിയോടാണ് എനിക്ക് ഇപ്പോള്‍ നന്ദി പറയാനുള്ളത്. കിട്ടാവുന്നതില്‍ വെച്ച് അപൂര്‍വ സമ്മാനം എനിക്ക് ലഭിച്ചു. അത് ബുദ്ധിപൂര്‍വം ഉപയോഗിക്കാനാണ് ഞാന്‍ ആലോചിക്കുന്നത്', സുനില്‍കുമാര്‍ പറഞ്ഞു.

18ാം വയസിലാണ് സുനില്‍ കുമാര്‍ ആദ്യമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നത്. 2006ല്‍ വിവാഹിതനാകുകയും ആ വര്‍ഷം തന്നെ യുഎഇയിലേക്ക് താമസം മാറുകയും ചെയ്തു. ഒരു സുഹൃത്തിനൊപ്പം ചേര്‍ന്നാണ് സുനില്‍ ടിക്കറ്റെടുത്തത്. എന്നാല്‍ സുഹൃത്തിന് തന്റെ പേര് വെളിപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും സുനില്‍ പറഞ്ഞു.

വര്‍ഷങ്ങളായി യുഎഎഇ ലോട്ടറി എടുക്കുന്ന സുനില്‍ പൊതുവേ ടിക്കറ്റ് നമ്പറിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ വളരെ ശ്രദ്ധയോടെയായിരുന്നു നമ്പര്‍ തെരഞ്ഞെടുത്തത്. 'പൊതുവേ തെരഞ്ഞെടുക്കുന്ന നമ്പറിനെ കുറിച്ച് ഞാന്‍ കാര്യമായി ശ്രദ്ധിക്കാറില്ല. വ്യക്തിപരമായി എനിക്ക് ചേര്‍ന്ന് നില്‍ക്കുന്ന നമ്പറായിരുന്നു ഇത്തവണ തെരഞ്ഞെടുത്തത്. ആദ്യത്തെ ബുധനാഴ്ചത്തെ ടിക്കറ്റെടുത്തപ്പോള്‍ 100 ദിര്‍ഹത്തിന്റെ സമ്മാനം കിട്ടി. തൊട്ടടുത്ത ബുധനാഴ്ച 50 ദിര്‍ഹം ലഭിച്ചു. പിന്നെ ടിക്കറ്റ് എടുക്കുന്നത് സ്ഥിരമായി', സുനില്‍കുമാര്‍ പറയുന്നു.

അബുദാബിയില്‍ മെയിന്റനന്‍സ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സുനില്‍, സാധാരണയായി ടിക്കറ്റുകളില്‍ കാണുന്ന റാന്‍ഡം നമ്പറുകള്‍ക്ക് പകരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട തീയതികള്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം മകളുടെ ജന്മദിനവും പിന്നീട് തന്റെയും ഭാര്യയുടെയും ജന്മദിന തീയതികളും ചേര്‍ത്താണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.

ഈ പണം ഉപയോഗിച്ച് സ്വന്തം കുടുംബത്തിന് മാത്രമല്ല, നിരാലംബരായ മറ്റ് കുടുംബങ്ങള്‍ക്കും ഉപയോഗമുണ്ടാകണമെന്നാണ് സുനില്‍കുമാര്‍ ആലോചിക്കുന്നത്. വീടില്ലാത്ത ഒരാള്‍ക്ക് വീട് എടുത്തു കൊടുക്കുന്നതും തന്റെ ആലോചനയിലുണ്ടെന്ന് സുനില്‍ കുമാര്‍ പറയുന്നു. ഇതുവരെ ലോട്ടറി അടിക്കാത്തവര്‍ നിരാശരാകരുത് എന്നും സുനില്‍ കുമാര്‍ പറയുന്നുണ്ട്.

ജോലി കഴിഞ്ഞ് മുറിയിലെത്തി വിശ്രമിക്കുമ്പോഴാണ് സുനില്‍ തനിക്ക് സമ്മാനം അടിച്ച വിവരം അറിയുന്നത്. രാത്രി 9.45 ഓടെ ഫോണില്‍ ഫലം പരിശോധിച്ചപ്പോള്‍ വലിയൊരു തുക സമ്മാനമായി ലഭിച്ചെന്ന് കണ്ട് അദ്ദേഹം ആദ്യം അത്ഭുതപ്പെട്ടു. കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാന്‍ കഴിയാതെ സുഹൃത്തിനെ കാണിച്ച ശേഷമാണ് നാട്ടിലുള്ള ഭാര്യയെ വിളിച്ച് വിവരം അറിയിച്ചത്. സാധാരണ കുടുംബത്തില്‍ നിന്നുള്ളവരായതുകൊണ്ട് തന്നെ വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ ജീവിച്ചിരുന്ന ഭാര്യ, ഇത്രയും വലിയ തുക ലഭിച്ചപ്പോള്‍ നമ്മള്‍ ഇത് എന്ത് ചെയ്യുമെന്നാണ് ആദ്യം ചോദിച്ചതെന്ന് സുനില്‍ ഓര്‍ക്കുന്നു.

ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ് യുഎഇ ലോട്ടറി പ്രവര്‍ത്തിക്കുന്നത്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30നാണ് ഇതിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 30 മില്യണ്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ, അഞ്ച് മില്യണ്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഉറപ്പായ 50,000 ദിര്‍ഹത്തിന്റെ മൂന്ന് ലക്കി ചാന്‍സ് സമ്മാനങ്ങളും ഈ ലോട്ടറിയിലൂടെ ലഭിക്കുന്നുണ്ട്.

Content Highlights: Sunil Kumar Sadashivan from Thiruvananthapuram, the winner of the AED 30 million UAE Lottery jackpot, is set to leave the UAE

To advertise here,contact us