റഷ്യയില്‍ ദുബായ് കായികതാരത്തിന് കടുത്ത വയറുവേദന; 3600 കിലോമീറ്ററുകള്‍ക്ക് അപ്പുറവും കരുതലായി ദുബായ് പൊലീസ്

റഷ്യയിലെ കസാനില്‍ അബ്ദുള്ള ബൊര്‍ഗ്വുയ്ബയുടെ നേതൃത്വത്തിലെത്തിയ ക്ലബ് ടീമിലെ കായികതാരത്തിനാണ് ഒറ്റ ക്ലിക്കില്‍ ദുബായ് പൊലീസിന്റെ സഹായഹസ്തമെത്തിയത്

യുഎഇയിലെ അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ് ടീമിലെ കായികതാരത്തിന് 3600 കിലോമീറ്ററുകള്‍ക്ക് അപ്പുറവും കരുതലായി ദുബായ് പൊലീസ്. റഷ്യയിലെ കസാനില്‍ അബ്ദുള്ള ബൊര്‍ഗ്വുയ്ബയുടെ നേതൃത്വത്തിലെത്തിയ ക്ലബ് ടീമിലെ കായികതാരത്തിനാണ് ഒറ്റ ക്ലിക്കില്‍ ദുബായ് പൊലീസിന്റെ സഹായഹസ്തമെത്തിയത്.

യുഎഇ സമയം പുലര്‍ച്ചെ 3.30നായിരുന്നു അതി കഠിന വയറുവേദനയുമായി ക്ലബിലെ ഒരു കായികതാരം ബൊര്‍ഗ്വുയ്ബയുടെ മുറിക്ക് മുന്നിലെത്തുന്നത്. ഉടനടി ഒരു കാര്‍ വിളിച്ച് ബൊര്‍ഗ്വുയ്ബ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ കായികതാരത്തെ പരിശോധിക്കുകയും അപ്പന്റീസ് രോഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. താരത്തിന് ഉടനടി ഓപ്പറേഷന്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഓപ്പറേഷന്‍ ചെയ്യാനുള്ള അനുമതി ബൊര്‍ഗ്വുയ്ബ നല്‍കുകയും ചെയ്തു.

എന്നാല്‍ ചികിത്സ തുടങ്ങുന്നതിന് മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ ബൊര്‍ഗ്വുയ്ബ പ്രതിസന്ധിയിലായി. ഒന്നുങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്നും അല്ലെങ്കില്‍ മുഴുവന്‍ തുകയും ചികിത്സയ്ക്ക് മുമ്പ് തന്നെ അടക്കണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക ട്രെയിനിങ്ങ് ക്യാമ്പിന്റെ ഭാഗമായി റഷ്യയിലെത്തിയവരാണ് തങ്ങളെന്നും അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് തങ്ങളുടെ കൈവശമില്ലെന്നും ബൊര്‍ഗ്വുയ്ബ പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. മാത്രവുമല്ല, ക്യാമ്പിന്റെ അവസാന നാളുകളായതിനാല്‍ തന്നെ ആവശ്യത്തിന് പണവും അവരുടെ പക്കലുണ്ടായിരുന്നില്ല.

ഒരു വഴിയും ഇല്ലെന്ന് മനസിലാക്കിയ ബൊര്‍ഗ്വുയ്ബ ദുബായ് പൊലീസിലെ ജനറല്‍ കമാന്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന എമര്‍ജന്‍സി ആപ്പായ 'Your Security at the Touch of a Button' എന്ന ആപ്പ് ഓപ്പണ്‍ ചെയ്യുകയായിരുന്നു. ആ സമയത്ത് താന്‍ ദുബായിയില്‍ നിന്ന് 3600 കിലോമീറ്റര്‍ അകലെയായിരുന്നുവെന്നും ആപ്പ് അവിടെ വര്‍ക്ക് ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും ബൊര്‍ഗ്വുയ്ബ ഖലീജ് ടൈംസിനോട് പറഞ്ഞു.

ആപ്പ് വഴി കണക്ട് ആയതിന് പിന്നാലെ താന്‍ എവിടെ ആണെന്ന് അറിയുമോ എന്നായിരുന്നു ബൊര്‍ഗ്വുയ്ബ ഡ്യൂട്ടി ഓഫീസറോട് ചോദിച്ചത്. ഉടന്‍ തന്നെ ' നിങ്ങളിപ്പോള്‍ റഷ്യയിലെ കസാന്‍ സിറ്റിയിലെ ഒരു നദിക്ക് അഭിമുഖമായുള്ള കെട്ടിടത്തിലാണ് ഉള്ളത്, ഞാന്‍ എങ്ങനെ സഹായിക്കണം?' എന്ന ഡ്യൂട്ടി ഓഫീസറുടെ ചോദ്യം കേട്ട ബൊര്‍ഗ്വുയ്ബ ഞെട്ടി.

ആപ്പ് വഴി കണക്ട് ആയതിന് നിമിഷങ്ങള്‍ക്കകം തന്നെ യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നു ബൊര്‍ഗ്വുയ്ബയ്ക്ക് ഫോണ്‍ കോള്‍ വരികയും ആശുപത്രി അധികൃതരെ ബന്ധപ്പെടുകയും ചെയ്തു. പിന്നാലെ കായികതാരത്തെ ഓപ്പറേഷന് വിധേയമാക്കി. സംഭവം നടന്ന പിറ്റേന്ന് രാവിലെ തന്നെ യുഎഇ എംബസിയില്‍ നിന്നും ഒരു പ്രതിനിധി കസാനിലെത്തി ടീമംഗങ്ങളെ സന്ദര്‍ശിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും മറ്റുള്ള ആശുപത്രി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ കായികതാരത്തിന്റെ നില തൃപ്തികരമാണ്.

Content Highlights: Dubai Police demonstrated exceptional commitment by assisting an athlete from Al Wasl Sports Club, even from a distance of 3,600 kilometres

To advertise here,contact us