ദുബായിലെ സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിൽപരമായ പരാതികൾ ഇനി മുതൽ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി വളരെ എളുപ്പത്തിൽ സമർപ്പിക്കാം. ഡിജിറ്റൽ ദുബായും ദുബായ് പൊലീസും സംയുക്തമായാണ് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായ് പൊലീസിന്റെ "വർക്കേഴ്സ് വോയ്സ്" എന്ന സേവനത്തിന്റെ ഭാഗമായാണ് ദുബായ് സർക്കാരിന്റെ ഏകീകൃത ആപ്പായ 'ദുബായ് നൗ' വഴി ഈ ഡിജിറ്റൽ സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്.
തൊഴിലുടമകളിൽ നിന്നോ കമ്പനികളിൽ നിന്നോ നേരിടുന്ന പ്രധാനപ്പെട്ട എല്ലാ പ്രശ്നങ്ങളും ജീവനക്കാർക്ക് ഈ സംവിധാനം വഴി അധികൃതരെ അറിയിക്കാൻ സാധിക്കും. ശമ്പളം മുടങ്ങുകയോ കുറയുകയോ ചെയ്യുക, മോശം ജോലി സാഹചര്യങ്ങൾ, താമസമൊരുക്കുന്നതിലെ പോരായ്മകൾ, തൊഴിൽസ്ഥലത്തെ ആരോഗ്യ-സുരക്ഷാ വീഴ്ചകൾ തുടങ്ങിയ വ്യക്തിഗതമായ പരാതികളും കൂട്ടായ പരാതികളും ഇതിലൂടെ സമർപ്പിക്കാം. ലളിതമായ കുറച്ചു ഘട്ടങ്ങളിലൂടെ തൊഴിലാളികൾക്ക് തങ്ങളുടെ പരാതികൾ നേരിട്ട് രജിസ്റ്റർ ചെയ്യാൻ കഴിയും.
പരാതികൾ നൽകാനായി ഇനി ജീവനക്കാർക്ക് സർക്കാർ ഓഫീസുകളിലോ മറ്റ് സേവന കേന്ദ്രങ്ങളിലോ നേരിട്ട് പോയി വരി നിൽക്കേണ്ടതില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദുബായ് സർക്കാരിന്റെ സ്മാർട്ട് സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ നൽകുന്ന ദുബായ് നൗ ആപ്പിൽ നിലവിൽ 35-ലധികം സ്ഥാപനങ്ങളുടെ 250-ലേറെ സേവനങ്ങൾ ലഭ്യമാണ്. ഈ പുതിയ ഫീച്ചർ കൂടി ഉൾപ്പെടുത്തിയത് സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുമെന്നും അവരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ട്രാഫിക് പിഴകൾ, പാർക്കിങ് ലംഘനങ്ങൾ, സാലക് പിഴകൾ തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ ചുമത്തുന്ന പിഴകൾ എന്നിവയും ദുബായ് നൗ ആപ്പിലൂടെ അടയ്ക്കാനുള്ള സൗകര്യം ദുബായ് സർക്കാർ ഒരുക്കിയിരുന്നു. 'ദുബായ് നൗ'വിൽ 'പേ ഓൾ ഫൈൻസ്' എന്ന രീതിയിലാണ് ഈ പുത്തൻ സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വ്യത്യസ്ത വെബ്സൈറ്റുകളോ ആപ്പുകളോ മാറിമാറി സന്ദർശിച്ച് പിഴകൾ അടയ്ക്കേണ്ടി വരുന്ന പ്രവാസികളുടെയും സ്വദേശികളുടെയും വലിയ ബുദ്ധിമുട്ടിനാണ് പരിഹാരമായിരിക്കുന്നത്.
Content Highlights: Digital Dubai has announced a new feature on the DubaiNow app allowing private sector workers to submit complaints against their employers through the "Worker's Voice" service, developed by Dubai Police.