പേറ്റന്റുകളും എഐ നവീകരണവും ശക്തിപ്പെടുത്താനായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ച് യുഎഇയും ദക്ഷിണ കൊറിയയും. പേറ്റന്റ്, വ്യാവസായിക ഡിസൈന്‍ പരിശോധന എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബൗദ്ധിക സ്വത്തവകാശ നിയമനിര്‍മ്മാണത്തില്‍ സിംഗപ്പൂരുമായി കൂടുതല്‍ സഹകരണം സാധ്യമാക്കുന്നതിനായി ദക്ഷിണ കൊറിയയുമായി മൂന്ന് വര്‍ഷത്തെ കര്‍മ്മ പദ്ധതിയ്ക്കും യുഎഇ ധാരണയായിട്ടുണ്ട്.
യുഎഇയും ദക്ഷിണ കൊറിയയും ബൗദ്ധിക സ്വത്തവകാശ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി മൂന്ന് വർഷത്തെ സംയുക്ത പ്രവർത്തന പദ്ധതിക്കും ധാരണയായിട്ടുണ്ട്. പേറ്റന്റ് രജിസ്ട്രേഷൻ, വ്യാവസായിക ഡിസൈൻ പരിശോധന, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗം എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കും. ജൂലൈ 7 മുതല്‍ 15 വരെ ജനീവയില്‍ നടക്കുന്ന ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ 68-ാമത് യോഗ പരമ്പരയോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചകളിലാണ് കരാർ സംബന്ധിച്ച ധാരണയായത്. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയും ദക്ഷിണ കൊറിയൻ ബൗദ്ധിക സ്വത്തവകാശ മന്ത്രി കിം യങ് സന്നും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പേറ്റന്റ്, വ്യാവസായിക ഡിസൈൻ പരിശോധനാ മാനദണ്ഡങ്ങൾ, മാർഗനിർദേശങ്ങൾ, സാങ്കേതിക നടപടിക്രമങ്ങൾ എന്നിവ പരസ്പരം കൈമാറും. ഇതിലൂടെ പേറ്റന്റ് പരിശോധനയുടെ ഗുണനിലവാരവും വേഗതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ബൗദ്ധിക സ്വത്തവകാശ ഉദ്യോഗസ്ഥർ, പരിശോധനാ വിദഗ്ധർ, ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് പരിശീലന പരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. പേറ്റന്റ്, ട്രേഡ്മാർക്ക്, വ്യാവസായിക ഡിസൈൻ മേഖലകളിലെ വിദഗ്ധ ശേഷി വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാധ്യതകളും ഇരു രാജ്യങ്ങളും പരിശോധിക്കും. വ്യാജ ഉൽപ്പന്നങ്ങൾ, ട്രേഡ്മാർക്ക് ലംഘനങ്ങൾ എന്നിവ കണ്ടെത്താനും തടയാനും എഐ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനാണ് നീക്കം. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നവീകരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്കും സൃഷ്ടിപരമായ മേഖലകൾക്കും മികച്ച ബൗദ്ധിക സ്വത്തവകാശ സംരക്ഷണം നൽകാനുമാണ് യുഎഇ ലക്ഷ്യമിടുന്നത്.
യുഎഇ സാമ്പത്തിക മന്ത്രി സിംഗപ്പൂർ നിയമ മന്ത്രി എഡ്വിൻ ടോങ്ങുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ, നയരൂപീകരണം, സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയിൽ സഹകരണം സംബന്ധിച്ച് ചർച്ചകൾ നടന്നു. സാങ്കേതികവിദ്യ, ഊർജം, വ്യവസായം തുടങ്ങിയ മേഖലകളിൽ യുഎഇയും ദക്ഷിണ കൊറിയയും തമ്മിലുള്ള തന്ത്രപരമായ ബന്ധം സമീപ വർഷങ്ങളിൽ കൂടുതൽ ശക്തമായിട്ടുണ്ട്. ഇരുരാജ്യങ്ങളും എഐ, സെമികണ്ടക്ടർ, ഊർജ സുരക്ഷ തുടങ്ങിയ ഭാവി മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നുണ്ട്. പുതിയ മൂന്ന് വർഷത്തെ പദ്ധതി നവീകരണ അധിഷ്ഠിത സമ്പദ്വ്യവസ്ഥ വളർത്തുന്നതിനും സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlight: UAE and South Korea sign a three-year agreement to enhance patent cooperation, artificial intelligence innovation, and technology development