2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ആവേശം യുഎഇയിലെ തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നുവെന്ന് പുതിയ സർവേ. പ്രവാസികൾ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി യുഎഇയിലെ നിരവധി ജീവനക്കാർ ജോലി സമയത്തിൽ മാറ്റങ്ങൾ വരുത്തുകയും അവധി എടുക്കുകയും വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കുകയും ചെയ്യുന്നുവെന്നാണ് റോബര്‍ട്ട് വാള്‍ട്ടേഴ്സിന്റെ പുതിയ സര്‍വേ വ്യക്തമാക്കുന്നത്. അതത് രാജ്യത്തിൻ്റെ മാച്ച് നടക്കുന്ന ദിവസം ഇത്തരത്തിൽ പ്രവാസികൾ അവധിയെയുടുക്കുകയാണെന്നാണ് സർവേ പറയുന്നത്.
അതത് രാജ്യത്തിന്റെ മാച്ച് നടക്കുന്ന ദിവസം പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ 11 ശതമാനം പ്രവാസികളും അസുഖമാണെന്ന് പറഞ്ഞ് അവധി (Sick leave) എടുക്കുകയാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടി. 34 ശതമാനത്തോളം പേര് വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുക്കുന്നുവെന്നും സര്‍വേ പറയുന്നു. ഫിഫ മത്സരങ്ങൾ യുഎഇ സമയം രാത്രിയിലും പുലർച്ചെയിലുമായാണ് നടക്കുന്നത്. അതിനാൽ ജീവനക്കാരുടെ ഉറക്കത്തിലും ജോലി രീതിയിലും മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
മത്സരങ്ങൾ കാരണം ഉറക്കം കുറച്ച് ജോലി ചെയ്യുമെന്നും ചിലർ അഭിപ്രായപ്പെട്ടു. ചിലർ ജോലി സമയം വൈകിപ്പിക്കാനും വാർഷിക അവധി എടുക്കാനും പദ്ധതിയിടുന്നുണ്ടെന്നും സർവേയിൽ പറയുന്നു. ലോകകപ്പ് സമയത്ത് ജീവനക്കാരുടെ സൗകര്യം പരിഗണിച്ച് യുഎഇയിലെ ചില കമ്പനികൾ അനുയോജ്യമായ ജോലി സമയം, ഹൈബ്രിഡ് വർക്ക് സംവിധാനം, മത്സരങ്ങൾ കാണാൻ വേദി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
മാനേജർമാരിൽ വലിയൊരു വിഭാഗവും ജീവനക്കാർക്ക് ചില ഇളവുകൾ നൽകാൻ തയ്യാറാണെന്ന് സർവേ വ്യക്തമാക്കുന്നു. എന്നാൽ, എല്ലാ സ്ഥാപനങ്ങളും ഈ ഔദ്യോഗിക ലോകകപ്പ് നയം പ്രഖ്യാപിച്ചിട്ടില്ല. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം ഒമ്പതിൽ ഒരാൾ മാത്രമാണ് തങ്ങളുടെ കമ്പനി ലോകകപ്പിനായി പ്രത്യേക നയം അവതരിപ്പിച്ചതായി അറിയിച്ചിച്ചിട്ടുള്ളത്. ഫുട്ബോൾ ആരാധകർ കൂടുതലുള്ള യുഎഇയിൽ ലോകകപ്പ് വലിയ സാമൂഹിക ആഘോഷമായി മാറാറുണ്ട്. ജോലിയും ഫുട്ബോൾ ആവേശവും തമ്മിൽ സന്തുലിതമാക്കാൻ കമ്പനികൾ കൂടുതൽ ഇളവുകൾ നൽകുന്ന സാഹചര്യം 2026 ലോകകപ്പ് കാലയളവിൽ ഉണ്ടായിട്ടുണ്ടെന്നും ഇത് യുഎഇയിലെ തൊഴിൽ സംസ്കാരത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നുമാണ് വിലയിരുത്തൽ.
Content Highlight: FIFA World Cup excitement is influencing the UAE employment sector as companies witness changes in work patterns, leave plans and employee engagement during the tournament