യുഎഇ നിവാസികൾക്ക് ആശ്വാസം; വിപണിയിൽ വിലക്കയറ്റ ഭീഷണി ഒഴിയുന്നു

ആഗോള വിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ വിലയിലുണ്ടായ നേരിയ കുറവ് യുഎഇയിലെ ഭക്ഷ്യവിതരണ ശൃംഖലയ്ക്കുള്ള സമ്മർദ്ദം കുറച്ചിരിക്കുകയാണ്.

യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസായി നിത്യോപക സാധനങ്ങളുടെ വില ഉയരുമെന്ന ഭീഷണി ഒഴിവാകുന്നു. ആഗോള എണ്ണവിപണിയിലുണ്ടായ ഇടിവും ജൂലൈ മാസത്തിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറച്ചതുമാണ് അവശ്യ സാധനങ്ങളുടെ വില വർദ്ധനവ് ഒഴിവാകാൻ കാരണം. യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുമെന്നും ഇത് ചരക്കുകൂലിയും ഗതാഗതച്ചെലവും വർദ്ധിപ്പിക്കുമെന്നുമുള്ള ആശങ്കകൾ ശക്തമായിരുന്നു. എന്നാൽ നിലവിൽ ആഗോള വിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ വിലയിലുണ്ടായ നേരിയ കുറവ് യുഎഇയിലെ ഭക്ഷ്യവിതരണ ശൃംഖലയ്ക്കുള്ള സമ്മർദ്ദം കുറച്ചിരിക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ ആഗോള ഭക്ഷ്യവില സൂചികയിൽ 0.3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ധാന്യങ്ങൾ, പഞ്ചസാര, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണമായത്. ഇത് യുഎഇയിലെ ഉപഭോക്താക്കളുടെ ഗ്രോസറി ബില്ലുകൾ പെട്ടെന്ന് കുറയ്ക്കില്ലെങ്കിലും ഇന്ധനവിലവർദ്ധനവ് മൂലം സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾക്ക് വില കൂടാനുള്ള സാധ്യതയെ ഇത് ഇല്ലാതാക്കുന്നു.

കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ ഇന്ധനവിലക്കുറവാണ് ജൂലൈ ഒന്നു മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്നത്. പെട്രോൾ, ഡീസൽ വിലകളിൽ 14 മുതൽ 17 ശതമാനം വരെയുള്ള വൻ കുറവാണുണ്ടായത്. പ്രത്യേകിച്ച് കൊമേഴ്‌സ്യൽ വാഹനങ്ങളും ഭക്ഷ്യവിതരണ ട്രക്കുകളും പ്രധാനമായി ആശ്രയിക്കുന്ന ഡീസൽ വിലയിൽ 16.9 ശതമാനത്തിന്റെ കുറവുണ്ടായി. അസംസ്‌കൃത എണ്ണയായ ബ്രെന്റ് ക്രൂഡിന്റെ വില യുദ്ധകാലത്തെ ഏറ്റവും ഉയർന്ന നിരക്കായ 118 ഡോളറിൽ നിന്നും 70 ഡോളറിലേക്ക് താഴ്ന്നതാണ് യുഎഇയിലും വില കുറയാൻ കാരണമായത്. ഇന്ധനവില കുറയുന്നത് ഉത്പാദനം, സംഭരണം, വിതരണം എന്നിവയുടെ ചെലവ് കുറയ്ക്കാൻ കമ്പനികളെ സഹായിക്കും.

ആഗോള വിപണിയിൽ ഗോതമ്പ് വിലയിൽ 4.4 ശതമാനവും പഞ്ചസാര വിലയിൽ 5.7 ശതമാനവും കുറവുണ്ടായിട്ടുണ്ട്. യുഎഇയിൽ നിത്യോപയോഗ സാധനങ്ങളായ ബ്രെഡ്, പാസ്ത, ബിസ്‌ക്കറ്റുകൾ എന്നിവയുടെ വില നിയന്ത്രിക്കാൻ ഇത് സഹായിക്കും. എന്നാൽ പാചക എണ്ണകളുടെ വിലയിൽ 3.8 ശതമാനവും ഇറച്ചി വിലയിൽ 0.5 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കുക്കിങ് ഓയിൽ, ചിക്കൻ, മട്ടൻ തുടങ്ങിയവയ്ക്ക് വിപണിയിൽ ഇപ്പോഴും വിലക്കൂടുതൽ തുടരുകയാണ്.

ആഗോള വിപണിയിൽ വില കുറഞ്ഞാലും യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ അതിന്റെ പ്രതിഫലനം കാണാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. കാരണം, ഇംപോർട്ടർമാരും വിതരണക്കാരും മാസങ്ങൾക്ക് മുൻപ് തന്നെ മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്കുള്ള കരാറുകളിലാണ് സാധനങ്ങൾ വാങ്ങുന്നത്. പഴയ സ്റ്റോക്കുകൾ വിറ്റുതീർന്നതിന് ശേഷം മാത്രമേ പുതിയ വിലക്കുറവിന്റെ ആനുകൂല്യം വിപണിയിൽ ലഭ്യമാകൂ. എങ്കിലും സെൻട്രൽ ബാങ്കിന്റെ വിലയിരുത്തൽ പ്രകാരം 2026-ൽ യുഎഇയിലെ പൊതുവായ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനത്തിൽ പരിമിതപ്പെടുമെന്നാണ് പ്രവചനം. നിലവിലെ സാഹചര്യത്തിൽ പെട്ടെന്നൊരു വിലക്കയറ്റം ഉണ്ടാകില്ലെന്നത് യുഎഇയിലെ സാധാരണ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാണ്.

Content Highlights: The easing of inflationary pressures is expected to help stabilize prices in the UAE, offering relief to residents and improving consumer confidence in the retail market.

To advertise here,contact us