യുഎഇയിൽ പ്രൈവറ്റ് ട്യൂഷൻ എടുക്കാൻ താൽപ്പര്യമുള്ളവർക്കും അധിക വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും നിയമപരമായ അനുമതിയോടെ ട്യൂട്ടർ പെർമിറ്റ് സ്വന്തമാക്കാൻ അവസരം. വിദ്യാഭ്യാസ മന്ത്രാലയവും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവും സംയുക്തമായാണ് ഔദ്യോഗിക 'പ്രൈവേറ്റ് ട്യൂട്ടർ പെർമിറ്റ്' നൽകുന്നത്.
അനധികൃത ട്യൂഷൻ രീതികൾ തടയുന്നതിനും ഈ മേഖലയെ നിയന്ത്രിക്കുന്നതിനുമായി കൊണ്ടുവന്ന ഈ പെർമിറ്റ് വഴി യോഗ്യരായ വ്യക്തികൾക്ക് ഓൺലൈനായോ നേരിട്ടോ, വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ നിയമപരമായി ട്യൂഷൻ എടുക്കാവുന്നതാണ്. നിലവിൽ ഈ പെർമിറ്റിനായി അപേക്ഷിക്കാൻ യാതൊരുവിധ ഫീസും ഈടാക്കുന്നില്ല.
വിവിധ വിഭാഗങ്ങളിലുള്ള ആളുകൾക്ക് ഈ പെർമിറ്റിനായി അപേക്ഷിക്കാം. അപേക്ഷകരുടെ വിഭാഗം അനുസരിച്ച് സമർപ്പിക്കേണ്ട രേഖകളിൽ മാറ്റങ്ങളുണ്ടാകും:
അപേക്ഷിക്കേണ്ട വിധം:
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ വളരെ എളുപ്പത്തിൽ ഇതിനായി അപേക്ഷിക്കാം. ലോഗിൻ ചെയ്ത ശേഷം 'സർവീസസ്' എന്നതിൽ പോയി 'പ്രൈവറ്റ് ട്യൂട്ടർ ലൈസൻസിങ്' തിരഞ്ഞെടുക്കുക. തുടർന്ന് എമിറേറ്റ്സ് ഐഡി നമ്പറും മൊബൈലിൽ വരുന്ന ഒടിപിയും നൽകി വെരിഫൈ ചെയ്യുക. നിങ്ങളുടെ അനുയോജ്യമായ കാറ്റഗറി തിരഞ്ഞെടുത്ത ശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക. ആപ്പിൽ നിന്ന് ലഭിക്കുന്ന പെരുമാറ്റച്ചട്ടം ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട ശേഷം അതും അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ സാധാരണയായി രണ്ട് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാകും. അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചാൽ പെർമിറ്റിന് രണ്ട് വർഷത്തെ കാലാവധിയുണ്ടായിരിക്കും. യുഎഇയിൽ നിയമപരമായ തടസ്സങ്ങളൊന്നുമില്ലാതെ ട്യൂഷൻ എടുക്കാനും മികച്ച വരുമാനം കണ്ടെത്താനും പ്രവാസികൾക്ക് വലിയൊരു സഹായമാണ് ഈ സൗജന്യ പെർമിറ്റ് സംവിധാനം.
Content Highlights: The UAE is offering eligible individuals the opportunity to obtain a free Private Tutor Permit, allowing them to provide private tuition legally and earn additional income.