കുട്ടികളുടെ അവധിക്കാലം ആഘോഷമാക്കാൻ അബുദാബി; സമ്മർ ക്യാമ്പുകൾ ഒരുക്കി അധികൃതർ

കുട്ടികൾക്കായി വിനോദവും വിജ്ഞാനവും നിറഞ്ഞ ഒട്ടനവധി പരിപാടികളാണ് ഇത്തവണത്തെ വേനൽക്കാലത്ത് കാത്തിരിക്കുന്നത്.

കുട്ടികളുടെ അവധിക്കാലം കൂടുതൽ സർഗ്ഗാത്മകവും ആനന്ദകരവുമാക്കാൻ വൈവിധ്യമാർന്ന സമ്മർ ക്യാമ്പുകളുമായി അബുദാബി. അബുദാബി സിറ്റി, അൽ ഐൻ, അൽ ദാഫ്ര റീജിയണുകളിലായി സൗജന്യവും പെയ്ഡ് ആയതുമായ നിരവധി ക്യാമ്പുകളാണ് വിവിധ സർക്കാർ അധികൃതരും സ്വകാര്യ അക്കാദമികളും ചേർന്ന് ഒരുക്കിയിരിക്കുന്നത്. നാല് വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി വിനോദവും വിജ്ഞാനവും നിറഞ്ഞ ഒട്ടനവധി പരിപാടികളാണ് ഇത്തവണത്തെ വേനൽക്കാലത്ത് കാത്തിരിക്കുന്നത്.

ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം അൽ വത്ബയിൽ തുടക്കമാകുന്ന 'ഷെയ്ഖ് സായിദ് സമ്മർ ഫെസ്റ്റിവൽ' ആണ്. യുഎഇ പ്രസിഡന്റിന്റെ ആഭിമുഖ്യത്തിൽ 30 സർക്കാർ വകുപ്പുകൾ ഒത്തുചേർന്ന് മൂവായിരത്തോളം പരിപാടികളാണ് ഇവിടെ പൂർണ്ണമായും സൗജന്യമായി ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള പ്രത്യേക 'അൽ ഫുർസാൻ ക്യാമ്പും' ഇതിന്റെ ഭാഗമായുണ്ട്. കൂടാതെ, സ്വദേശി വിദ്യാർത്ഥികൾക്കായി ഖലീഫ ഫണ്ട് ഒരുക്കുന്ന 'ഫ്യൂച്ചർ ഒന്റർപ്രണർ ക്യാമ്പ്', അബുദാബി സാംസ്കാരിക വകുപ്പ് നടത്തുന്ന 'വണ്ടർ ലാബ്' എന്നിവയും സൗജന്യമായി പങ്കെടുക്കാവുന്ന പ്രധാന ക്യാമ്പുകളാണ്. ആനിമേഷൻ, ഗെയിമിംഗ് എന്നിവയിൽ താല്പര്യമുള്ള കുട്ടികൾക്കായി സി.എൻ.എൻ, മജീദ് ടിവി എന്നിവരുമായി സഹകരിച്ച് സൌജന്യ മീഡിയ ക്യാമ്പും ഒരുക്കിയിട്ടുണ്ട്.

അതേസമയം, ലോകോത്തര നിലവാരത്തിലുള്ള പെയ്ഡ് ക്യാമ്പുകളും ഇത്തവണ സജീവമാണ്. യാസ് ഐലൻഡിലെ പ്രശസ്തമായ ഫെരാരി വേൾഡ്, വാർണർ ബ്രദേഴ്‌സ്, സീവേൾഡ് എന്നിവ കോർത്തിണക്കിയുള്ള വൺ-വീക്ക് ക്യാമ്പുകൾ ലഭ്യമാണ്; 1,595 ദിർഹമാണ് ഇതിന്റെ നിരക്ക്. കായികരംഗത്ത് താല്പര്യമുള്ള കുട്ടികൾക്കായി അഡ്നെക്കിൽ 'അബുദാബി സമ്മർ സ്പോർട്സും', ജൂഡോയും കരാട്ടെയുമടങ്ങുന്ന 'പിടിഎഫ് സ്പോർട്സ് അക്കാദമി' ക്യാമ്പുകളും ലഭ്യമാണ്.

അബുദാബി സിറ്റിക്ക് പുറമെ മറ്റ് മേഖലകളിലും കുട്ടികൾക്കായി ആകർഷകമായ പരിപാടികളുണ്ട്. അൽ ഐനിൽ അൽ ഐൻ സൂ (Zoo) ഒരുക്കുന്ന പ്രകൃതി-പരിസ്ഥിതി ക്യാമ്പും അൽ ദാഫ്രയിൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിവലും കുട്ടികൾക്കായി കാത്തിരിക്കുന്നു. വിരസത ഒഴിവാക്കി കുട്ടികളുടെ സർഗ്ഗവാസനകളെയും കഴിവുകളെയും വളർത്താൻ ഈ സമ്മർ ക്യാമ്പുകൾ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: Abu Dhabi authorities have introduced summer camps featuring educational, sports, cultural, and recreational activities to help children make the most of their school vacation in a safe and engaging environment.

To advertise here,contact us