ലഹരിയില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താന്‍ യുഎഇ. ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും പരിചരണ പരിപാടികളിലൂടെയും ആളുകളെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. ശാരീരികവും മാനസികവുമായ ചികിത്സയിലൂടെയാണ് ലഹരിയില്‍ അടിമപ്പെട്ട് പോയവരെ തിരിച്ചുപിടിക്കാന്‍ യുഎഇ ശ്രമിക്കുന്നത്.
ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യമായി വെച്ചായിരിക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കുക. തിരികെ ജീവിതത്തിലേക്ക് വരുന്ന ഘട്ടത്തില്‍ സാമൂഹ്യമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം. സമൂഹത്തിലും തൊഴില്‍ സ്ഥലങ്ങളിലും ഒരുപോലെ ഇടപെടാന്‍ സഹായിക്കുന്ന പരിപാടികളും യുഎഇ പദ്ധതിയിടുന്നുണ്ട്.
ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൗണ്‍സിലിങ്ങും നല്‍കുന്നതായിരിക്കും. യുഎഇയുടെ നിയമപ്രകാരം ലഹരിയില്‍ നിന്ന് വിട നേടാന്‍ സ്വമേധയാ കടന്നുവരുന്നവര്ക്കോ അവരുടെ കുടുംബങ്ങള്‍ വഴിയോ സമീപിച്ചാല്‍ ക്രിമിനല്‍ നടപടിയില്‍ നിന്നും അവരെ ഒഴിവാക്കുന്നതായിരിക്കും. രാജ്യത്തുടനീളമുള്ള പ്രത്യേക പുനരധിവാസ കേന്ദ്രങ്ങള്‍ ശാരീരിക, മാനസിക, സാമൂഹിക, ആത്മീയ പിന്തുണകള്‍ നല്കുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഈ പരിപാടികള്‍ വ്യക്തികളില്‍ സ്വയം ബോധം സൃഷ്ടിക്കുകയും ആളുകളുമായി ആരോഗ്യപരമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മയക്കുമരുന്ന് ഉപയോഗത്തെ ചെറുക്കാനുള്ള യുഎഇയുടെ നയത്തിന്റെ ഭാഗമായാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചികിത്സയുടെ പ്രാരംഭഘട്ടത്തില്‍ ആളുകള്‍ക്ക് മാനസികമോ വൈകാരികമോ സാമൂഹികമോ ആയ ബുദ്ധിമുട്ടുകള്‍ നേരിടാമെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ നീണ്ട ശ്രമത്തിലൂടെ ലഹരിയില്‍ നിന്നും നീണ്ട മുക്തി നേടാന്‍ സഹായിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
Content Highlights: The UAE is reinforcing its commitment to rehabilitation by providing comprehensive treatment, rehabilitation, and recovery support programmes to help individuals overcome addiction and successfully reintegrate into society.