ദുബായിയിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെയും ശ്രീലങ്കൻ പൗരന്റെയും കുടുംബങ്ങൾക്ക് ധനസഹായം കൈമാറി ഷംസീർവയലിൽ

ഒരു മില്യണ്‍ ദിര്‍ഹമാണ് മരിച്ചവരുടെ കുടുംബത്തിന് ആകെ കൈമാറിയത്

ദുബായ് എമിറ്റേറ്റ്‌സ് റോഡിലുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെയും ശ്രീലങ്കന്‍ പൗരന്റെയും കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി. അബുദാബിയിലെ ഹെല്‍ത്ത് കെയര്‍ കമ്പനിയായി ബുര്‍ജീല്‍ ഹോള്‍ഡിങ്ങ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവും ചെയര്‍മാനുമായ മലയാളി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ പ്രഖ്യാപിച്ച ധനസഹായമാണ് കൈമാറിയത്. ഒരു മില്യണ്‍ ദിര്‍ഹമാണ് (2.6 കോടി രൂപ) മരിച്ചവരുടെ കുടുംബത്തിന് ആകെ കൈമാറിയത്.

കഴിഞ്ഞ മാസം ഒരു മിനിബസില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ തൊഴിലാളികളായ ആറ് ഇന്ത്യക്കാരും ഒരു ശ്രീലങ്കന്‍ പൗരനുമാണ് മരിച്ചത്. സലീം സയ്യിദ് ഹുസൈന്‍, അബ്ദുല്‍ റഹീം, തിരുപ്പതി ഗൊള്ളപള്ളി ചന്ദ്ര, അബ്ദുല്‍ റഷീദ്, മാര്‍ക്കണ്ടേയ് ചൗഹാന്‍, മുഹമ്മദ് സാദിഖ് ലിയാഖത്ത് അലി, സാമുവല്‍ രംഗസ്വാമി എന്നിവരാണ് മരിച്ചത്. ഓരോ കുടുംബത്തിനും 100,000 ദിര്‍ഹം വീതമാണ് ധനസഹായമായി നല്‍കിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആകെ 180,000 ദിര്‍ഹവും സഹായമായി നല്‍കി. മരിച്ചവരുടെ കുടുംബത്തിന്റെ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും കുട്ടികളുടെ പഠനത്തിനുമായുള്ള പണം ഉള്‍പ്പെടെയാണ് സഹായമായി നല്‍കിയത്.

കുടുംബാംഗങ്ങളെ കാണുന്നതിനായി ഷംസീര്‍ വയലിലിന്റെ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ ഉത്തര്‍പ്രദേശും തെലങ്കാനയും ശ്രീ ലങ്കയിലെ മുല്ലൈത്തിവും സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അവരുടെ പ്രയാസങ്ങള്‍ മനസിലാക്കിയാണ് സഹായം കൈമാറിയത്. സലീം സയ്യിദ് ഹുസൈന്‍, അബ്ദുല്‍ റഹീം, തിരുപതി ഗൊള്ളപള്ളി ചന്ദ്ര എന്നിവരുടെ കുടുംബാംഗങ്ങളാണ് തെലങ്കാനയിലുള്ളത്.

അപകടത്തിന് രണ്ട് മാസം മുമ്പാണ് ഹുസൈന്‍ യുഎഇയിലെത്തുന്നത്. ഏഴ് മാസം മുമ്പായിരുന്നു 23കാരനായ ചന്ദ്രയ്യ യുഎഇയിലെത്തിയത്. 37കാരനായ റഹീമിന്റെ രണ്ട് സഹോദരന്മാര്‍ തെലങ്കാനയില്‍ 2015ലുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. അബ്ദുല്‍ റഷീദ്, മാര്‍ക്കണ്ടേയ് ചൗഹാന്‍, മുഹമ്മദ് സാദിഖ് ലിയാഖത്ത് അലി എന്നിവരുടെ കുടുംബമാണ് ഉത്തര്‍പ്രദേശില്‍ താമസിക്കുന്നത്.

ചൗഹാന്റെ 17കാരിയായ മകള്‍ അങ്കിതയ്ക്ക് നഴ്‌സിങ് പഠനത്തിന് പോകണമെന്ന ആഗ്രഹമുണ്ടെന്ന് അറിഞ്ഞ് ഷംസീര്‍ ഉടന്‍ തന്നെ വീഡിയോ കോള്‍ ചെയ്തു. പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാവിധ സഹായവും നല്‍കുമെന്നും അതിന് ശേഷം അങ്കിതയെ യുഎഇയിലെത്തിക്കുമെന്നും ഷംസീര്‍ ഉറപ്പ് നല്‍കി. ശ്രീലങ്കയിലെത്തി സാമുവല്‍ രംഗസ്വാമിയുടെ കുടുംബാംഗങ്ങളെയും സംഘം സന്ദര്‍ശിച്ചു.

'കുടുംബാംഗങ്ങള്‍ ഒറ്റയ്ക്കാവില്ലെന്ന് അറിയിക്കാന്‍ ഷംസീറിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ അവരെ കണ്ടു. അവരുടെ പ്രിയപ്പെട്ടവര്‍ യുഎഇയില്‍ ജോലി ചെയ്തവരാണ്. അവരെ ഇവിടെയുള്ളവര്‍ ഓര്‍മിക്കുന്നുണ്ടെന്നും കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുമെന്നുമുള്ള പിന്തുണയ്ക്കായാണ് ഈ സന്ദര്‍ശനം', വിപിഎസ് ഹെല്‍ത്തിന്റെ ഡയറക്ടര്‍ ഹാഫിസ് അലി പറഞ്ഞു.

Content Highlights: The families of the Indian victims and a Sri Lankan national who died in the Dubai Emirates Road crash have received financial assistance

To advertise here,contact us