യുഎഇയിലെ പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസം പകർന്ന് അബുദാബിയിലെയും ഷാർജയിലെയും പ്രമുഖ ജനവാസ മേഖലകളിൽ വാടക നിരക്കുകളിൽ ഇടിവ്. പുതിയ പാർപ്പിട സമുച്ചയങ്ങളുടെ വരവും പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളുമാണ് മുൻനിര ജനവാസ കേന്ദ്രങ്ങളിൽ വാടക കുറയാൻ കാരണമായത്. എന്നാൽ, അബുദാബിക്കും ഷാർജയ്ക്കും വിപരീതമായി അജ്മാനിൽ വാടക നിരക്കുകൾ 57 ശതമാനം വരെ കുത്തനെ ഉയർന്നു. പ്രശസ്ത റിയൽ എസ്റ്റേറ്റ് പോർട്ടലായ 'പ്രോപ്പർട്ടി ഫൈൻഡർ' പുറത്തുവിട്ട 2026 രണ്ടാം പാദത്തിലെ വിപണി കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
അബുദാബിയിലെ പ്രീമിയം റെസിഡൻഷ്യൽ മേഖലകളിലാണ് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വാടക നിരക്കുകളിൽ വലിയ കുറവുണ്ടായത്. ഈ വർഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ അൽ റീം ഐലൻഡിൽ 13.3 ശതമാനവും യാസ് ഐലൻഡിൽ 10.5 ശതമാനവും വാടക കുറഞ്ഞു. കോർണിഷ്, അൽ റാഹ ബീച്ച് എന്നിവിടങ്ങളിൽ വൺ ബെഡ്റൂം ഫ്ലാറ്റുകൾക്ക് 8.4 ശതമാനത്തോളം വിലയിടിവുണ്ടായപ്പോൾ, അൽ ഖാലിദിയ, മുസഫ തുടങ്ങിയ മേഖലകളിൽ 5.6 മുതൽ 6 ശതമാനം വരെയാണ് വാടക കുറഞ്ഞത്. പുതിയ പ്രോജക്ടുകൾ പൂർത്തിയായതോടെ വാടകക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിച്ചതാണ് പ്രീമിയം മേഖലകളിലെ ഈ വിലക്കുറവിന് കാരണം.
ഷാർജയിലെ വാടക വിപണിയിലും സമാനമായ ഇടിവ് പ്രകടമാണ്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഷാർജയിലെ വാടക കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അൽ ഖാൻ മേഖലയിൽ വൺ ബെഡ്റൂം അപ്പാർട്ടുമെന്റുകൾക്ക് 15.6 ശതമാനത്തിന്റെ വലിയ ഇടിവുണ്ടായി. അൽ താവൂണിൽ 11.8 ശതമാനവും അൽ ഖാസിമിയയിൽ 8.5 ശതമാനവും വാടക കുറഞ്ഞു. എന്നാൽ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട അൽ നഹ്ദ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ജനവാസ മേഖലകളിൽ കാര്യമായ മാറ്റമില്ലാതെ വാടക നിരക്കുകൾ സ്ഥിരതയോടെ തുടർന്നു.
അബുദാബിയിലും ഷാർജയിലും വില കുറയുമ്പോൾ അജ്മാനിൽ നേരെ വിപരീത സാഹചര്യമാണ് നിലവിലുള്ളത്. കുറഞ്ഞ ചെലവിൽ താമസസൗകര്യം തേടി മറ്റ് എമിറേറ്റുകളിൽ നിന്ന് പ്രവാസികൾ കൂട്ടത്തോടെ അജ്മാനിലേക്ക് മാറിയതാണ് ഇവിടെ വാടക കുത്തനെ ഉയരാൻ കാരണം. അൽ റാഷിദിയ മേഖലയിൽ 57 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനവാണ് വാടകയിലുണ്ടായത്. അൽ നുഐമിയയിൽ 25.5 ശതമാനവും അൽ റൗദയിൽ 7.5 ശതമാനവും വാടക കൂടി. പ്രത്യേകിച്ച് സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾക്കാണ് അജ്മാനിൽ ഇപ്പോൾ ഡിമാൻഡ് കൂടിയത്. വരും മാസങ്ങളിലും അബുദാബിയിലെ പ്രീമിയം മേഖലകളിൽ വാടക കുറഞ്ഞു നിൽക്കുമെന്നും അജ്മാനിലെ കുതിപ്പ് വൈകാതെ സുരക്ഷിതമായ നിരക്കിൽ സ്ഥിരത കൈവരിക്കുമെന്നുമാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Content Highlights: Expatriates in the UAE are seeing mixed trends in the rental market. While rental prices have fallen in Abu Dhabi and Sharjah, providing relief for tenants, Ajman has witnessed an increase in rents, adding pressure on residents.