10 കിലോ​ഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ചു, കോടികൾ വിലമതിക്കുന്ന വസ്ത്രം; അപൂർവ്വ പ്രദർശനം ഷാർജയിൽ

ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വർണ്ണ വസ്ത്രമെന്ന പദവിയോടെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതിനകം തന്നെ ഈ നിർമ്മിതിയെ തേടിയെത്തിയിട്ടുണ്ട്

ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് 10 കിലോഗ്രാമിലധികം ശുദ്ധമായ സ്വർണ്ണത്തിൽ തീർത്ത വസ്ത്രം ഷാർജയിൽ പ്രദർശനത്തിനെത്തി. ഏകദേശം 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിക്ക് അടുത്ത് ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഈ അപൂർവ്വ വസ്ത്രം കാണാൻ വൻ സന്ദർശക തിരക്കാണ് അനുഭവപ്പെടുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ആഭരണ പ്രദർശനങ്ങളിലൊന്നായ 'വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ'യുടെ 57-ാമത് പതിപ്പിലാണ് ഈ വസ്ത്രം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വർണ്ണ വസ്ത്രമെന്ന പദവിയോടെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതിനകം തന്നെ ഈ നിർമ്മിതിയെ തേടിയെത്തിയിട്ടുണ്ട്. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഈ ആഭരണ മേളയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണവും ഈ സ്വർണ്ണ വസ്ത്രം തന്നെയാണ്.

പ്രമുഖ പ്രാദേശിക-അന്തർദ്ദേശീയ ജ്വല്ലറി ബ്രാൻഡുകളുടെ അപൂർവ്വ ശേഖരങ്ങളും റെക്കോർഡുകൾ ഭേദിച്ച നിർമ്മിതികളും സവിശേഷമായ ഡിസൈനുകളുമാണ് വാച്ച് ആൻഡ് ജ്വല്ലറി ഷോയുടെ ഈ പുതിയ പതിപ്പിൽ അണിനിരത്തിയിരിക്കുന്നത്.

സലേം അൽ-ഷുഐബി ജ്വല്ലറി 500-ലധികം പുതിയ ഡയമണ്ട് ഡിസൈനുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട് മുൻപ് ഗിന്നസ് റെക്കോർഡ് നേടിയ നിരവധി നിർമ്മിതികളുമായാണ് എത്തിയിരിക്കുന്നത്. ഏഴ് എമിറേറ്റുകളിലെയും പ്രമുഖ അടയാളങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 'യൂണിയൻ ഫ്രെയിം' എന്ന ആഭരണ കലാരൂപം, ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജവ്വഹര ജ്വല്ലറി പ്രകൃതിദത്ത വജ്രങ്ങളും റൂബി, മരതകം, സഫയർ തുടങ്ങിയ രത്നങ്ങളും പ്രദർശിപ്പിച്ചു. മേഖലയിലെ ഏറ്റവും വലിയ ആഭരണ പ്രദർശനങ്ങളിലൊന്നായ വാച്ച് ആൻഡ് ജ്വല്ലറി ഷോ വരും ദിവസങ്ങളിലും തുടരും.

Content Highlights: Sharjah is hosting a rare exhibition featuring a unique dress crafted from 10 kilograms of gold. The luxury outfit, valued at several crores, has become a major attraction, highlighting extravagant craftsmanship and artistic design in high-end fashion displays.

To advertise here,contact us