യുഎഇയിൽ നാളെ ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വിവിധ എമിറേറ്റുകളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിൽ കടൽ രാത്രിയോടെ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നുമാണ് NCM-ൻ്റെ മുന്നറിയിപ്പ്.
തിങ്കളാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ പ്രവചനം. എന്നാൽ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാൻ കാരണമായേക്കും.
അറേബ്യൻ ഗൾഫിൽ കടൽ പൊതുവെ നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും രാത്രിയോടെ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം ഒമാൻ കടലിൽ തിരമാലകൾ നേരിയതോ മിതമായതോ ആയ രീതിയിലായിരിക്കും.
വിവിധ എമിറേറ്റുകളിൽ ചൂട് വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. ഷാർജയിൽ 42 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസും ദുബായിൽ 38 ഡിഗ്രി സെൽഷ്യസും വരെ ഉയർന്ന താപനില രേഖപ്പെടുത്തിയേക്കാം. എല്ലാ എമിറേറ്റുകളിലും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ താഴാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് ദുബായിൽ 80 ശതമാനം വരെയും അബുദാബിയിൽ 75 ശതമാനം വരെയും ഷാർജയിൽ 70 ശതമാനം വരെയും ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Content Highlights: The UAE weather authority has warned of strong dust storms that may affect several regions tomorrow. Residents and motorists have been advised to exercise caution as reduced visibility and challenging weather conditions are expected in affected areas.