കുവൈറ്റിന് നേരെയുണ്ടായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

തിങ്കളാഴ്ച പുലർച്ചെയാണ് കുവൈറ്റിനെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്

കുവൈറ്റിന് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണം കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈറ്റിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെയാണ് കുവൈറ്റിനെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. എന്നാൽ കുവൈറ്റിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് തകർക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉറവിടം ഇറാനാണെന്ന് കുവൈറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ്, മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇറാന്റെ ഭീകരാക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് യുഎഇ രംഗത്തെത്തിയത്.

ആക്രമണത്തെ തുടർന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇറാനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്ന് കുവൈറ്റ് വ്യക്തമാക്കി. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും, പ്രാദേശിക സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ഇത് രണ്ടാം തവണയാണ് കുവൈറ്റിന് നേരെ ആക്രമണമുണ്ടാകുന്നത്. മെയ് 28-നും സമാനമായ രീതിയിൽ കുവൈറ്റ് അതിർത്തി ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും കുവൈറ്റ് സൈന്യം തകർത്തിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടയിൽ ഉണ്ടായ പുതിയ സംഭവവികാസങ്ങൾ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Content Highlights: The United Arab Emirates has strongly condemned an alleged attack by Iran on Kuwait. The statement highlights rising regional tensions and urges restraint and diplomatic efforts to prevent further escalation.

To advertise here,contact us