അബുദാബി ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ അവസാന പ്രതിവാര ഇ-നറുക്കെടുപ്പും പൂർത്തിയായി. ഒരു മലയാളി ഉൾപ്പെടെ നാല് പേരെയാണ് ഇത്തവണ ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ചത്. ഒരു ലക്ഷം ദിർഹമാണ് ഇവരുടെ സമ്മാനത്തുക. ബഹ്റൈനിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന അനസ് വാഴയിൽ ആണ് വിജയിയായ മലയാളി.
കഴിഞ്ഞ മൂന്ന് വർഷമായി പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അനസ് ടിക്കറ്റുകൾ എടുത്തിരുന്നത്. തങ്ങൾക്കെല്ലാവർക്കും ഇതൊരു മനോഹരമായ നിമിഷമാണെന്ന് സന്തോഷം പങ്കുവെച്ച അനസ്, സമ്മാനത്തുക സുഹൃത്തുക്കൾക്കിടയിൽ തുല്യമായി വീതിക്കുമെന്നും വ്യക്തമാക്കി.
ചെന്നൈ സ്വദേശിയായ ജയ്ഗണേഷ് മോഹൻ ആണ് ഈ ആഴ്ചയിലെ മറ്റൊരു വിജയി. കഴിഞ്ഞ പത്ത് വർഷമായി ദുബായിൽ താമസിക്കുന്ന ഇദ്ദേഹം തന്റെ 11 സഹപ്രവർത്തകർക്കൊപ്പമാണ് ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണത്തിൽ പങ്കാളിയായത്. ടിക്കറ്റ് എടുക്കുമ്പോൾ '11' എന്ന നമ്പർ ഉൾപ്പെടുത്താൻ താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ജയ്ഗണേഷ്, വിജയിച്ച വിവരം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് കൂട്ടിച്ചേർത്തു.
മുംബൈ സ്വദേശിയായ തേജൽ പട്നിയാണ് സമ്മാനം നേടിയ മൂന്നാമൻ. കഴിഞ്ഞ 49 വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ സ്ഥിരതാമസമാണ് തേജൽ. തന്റെ 13 വയസ്സുകാരിയായ മകൾ '13' എന്ന അക്കം ഉൾപ്പെടുത്തി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി തേജലിനെ തേടി ഭാഗ്യമെത്തിയത്. ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ പാണ്ഡ്യൻ ആണ് നാലാമത്തെ വിജയി. നാല് വർഷം മുൻപ് വരെ ദുബായിലുണ്ടായിരുന്ന അദ്ദേഹം മറ്റാരുടെയും സഹായമില്ലാതെ തനിച്ചാണ് ടിക്കറ്റുകൾ വാങ്ങിയത്.
Content Highlights: In the May final draw of the Abu Dhabi Big Ticket raffle, a Malayali participant has secured a win. The result has generated excitement among expatriates, especially within the Kerala community in the UAE.