ഗ്ലോബൽ വില്ലേജ് 30-ാം പതിപ്പിന് ഇന്ന് സമാപനം; അവസാന മണിക്കൂറുകൾ ആഘോഷമാക്കാൻ അധികൃതർ

പ്രത്യേക ലൈറ്റ് ഷോയോടുകൂടിയായിരിക്കും ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ സമാപിക്കുക.

ദുബായുടെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസണിന് ഇന്ന് തിരശ്ശീല വീഴും. കലാപ്രകടനങ്ങളും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും റൈഡുകളുമെല്ലാം ആസ്വദിക്കാൻ ആയിരക്കണക്കിന് സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലേക്ക് ഒഴുകിയെത്തുന്നത്. മുപ്പതാമത് സീസണിന്റെ സമാപനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ദുബായ് ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 90-ലധികം രാജ്യങ്ങളുടെ സംസ്കാരവും പാരമ്പര്യവും ഒരു കുടക്കീഴിൽ അനുഭവിച്ചറിയാൻ സാധിച്ച ഈ സീസണിന്റെ അവസാന ദിനത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ രാജ്യങ്ങളുടെ പവലിയനുകളിൽ നിന്നുള്ള ഷോപ്പിംഗിനും ആഗോള വിഭവങ്ങൾ രുചിച്ചറിയാനുമുള്ള അവസാന അവസരമാണ് ഇന്ന് സന്ദർശകർക്ക് ലഭിക്കുക.

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി 195-ലധികം റൈഡുകളും ഗെയിമുകളുമാണ് കാർണിവൽ സോണിൽ ഒരുക്കിയിരുന്നു. കുട്ടികൾക്കായി ലിറ്റിൽ വണ്ടറേഴ്സ് ഇൻഡോർ പ്ലേ ഏരിയയും ഈ സീസണിൽ പുതുതായി അവതരിപ്പിച്ച ടൊറന്റോ ടൊർണാഡോ, റിയോ റോക്കറ്റ്, കേപ്പ് ഗ്ലൈഡേഴ്സ് തുടങ്ങിയ റൈഡുകൾക്ക് ഇന്നും വൻ ഡിമാൻഡായിരുന്നു.

അവസാന ദിനമായ ഇന്ന് പ്രധാനവേദിയിൽ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെ സാംസ്കാരിക നൃത്തങ്ങൾ, ഡിജെ ഷോകൾ, ലണ്ടൻ ക്രൂ ഡാൻസ് ഷോ, അക്രോബാറ്റിക്സ് പ്രകടനങ്ങൾ എന്നിവ അരങ്ങേറി. പ്രത്യേക ലൈറ്റ് ഷോയോടുകൂടിയായിരിക്കും ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ സമാപിക്കുക.

Content Highlights: The 30th season of Global Village comes to an end today, with organizers preparing special events and entertainment to make the final hours a memorable celebration for visitors.

To advertise here,contact us