അടുത്ത മാസം ഒന്ന് മുതല്‍ ദുബായില്‍ പാര്‍ക്കിങ് സാലിക് നിരക്കുകള്‍ കൂടും. ജൂണ്‍ ഒന്ന് മുതല്‍ എല്ലാ സേവനങ്ങള്‍ക്കും അഞ്ച് ശതമാനം വാറ്റ് ഈടാക്കുമെന്ന് സേവനദാതാക്കള്‍ അറിയിച്ചു. ഓണ്‍-സ്ട്രീറ്റ്, ഓഫ്-സ്ട്രീറ്റ് പാര്‍ക്കിങ്, സീസണല്‍ കാര്‍ഡുകള്‍, പെര്‍മിറ്റുകള്‍, റിസര്‍വേഷനുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാ സേവനങ്ങള്‍ക്കും ദുബായിയിലെ പാര്‍ക്കിങ് ഓപ്പറേറ്ററായ പാര്ക്കിന് കമ്പനി അഞ്ച് ശതമാനം വാറ്റ് ഈടാക്കും.
പാര്‍ക്കിങ് താരിഫിലും സീസണല്‍ കാര്‍ഡിലും മാറ്റങ്ങള്‍ വരുത്തുന്നതിനായി പാര്ക്കിന് ആര്‍ടിഎയോട് അഭ്യര്‍ത്ഥിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനം. വാറ്റ് വരുന്നതോടെ പാര്‍ക്കിങ് നിരക്കുകളും കൂടും. അതേസമയം ദുബായിലെ സാലിക് ടോള്‍ ഗേറ്റ് നിരക്കുകള്‍ക്കും ടാഗ് ആക്ടിവേഷന് ചാര്‍ജുകള്‍ക്കും അടുത്ത മാസം മുതല്‍ അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി ബാധകമാകുമെന്ന് സാലിക് കമ്പനിയും അറിയിച്ചു.
ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ കമ്പനി വ്യക്തമാക്കി. ടോള്‍ ഗേറ്റുകളിലൂടെ കടന്നുപോകുമ്പോള്‍ ഈടാക്കുന്ന നിരക്കിലും പുതിയ സാലിക് ടാഗ് ആക്ടിവേറ്റ് ചെയ്യുമ്പോഴുള്ള നിരക്കിലുമാണ് അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തുക.
Content Highlights: Parking charges in Dubai are set to rise after authorities announced that a 5% VAT will be imposed from June 1. The new rule will apply to parking services across the emirate.