ജലമാർഗമുള്ള പൊതുഗതാഗതം കൂടുതൽ സ്മാർട്ടാക്കാൻ ദുബായ്; പദ്ധതിയുമായി ആർടിഎ

മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സര്‍വീസുകള്‍ വേഗത്തില്‍ മാറ്റാന്‍ ഈ പുതിയ സംവിധാനം മറൈന്‍ ശൃംഖലയെ പ്രാപ്തമാക്കും.

ജലമാർഗമുള്ള പൊതുഗതാഗത സംവിധാനം കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിര്‍മ്മിത ബുദ്ധി, പ്രെഡിക്റ്റീവ് അനലിറ്റിക്‌സ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'സീസണല്‍ നെറ്റ്വര്‍ക്ക്' പദ്ധതി ആര്‍ടിഎ വിപുലീകരിച്ചു.

യാത്രക്കാരുടെ തിരക്ക് മുന്‍കൂട്ടി പ്രവചിച്ചും തത്സമയം വിലയിരുത്തിയും സര്‍വീസുകള്‍ ക്രമീകരിക്കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍മ്മിത ബുദ്ധി, പ്രെഡിക്റ്റീവ് അനലിറ്റിക്‌സ് എന്നീ അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ സാധിക്കും. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സര്‍വീസുകള്‍ വേഗത്തില്‍ മാറ്റാന്‍ ഈ പുതിയ സംവിധാനം മറൈന്‍ ശൃംഖലയെ പ്രാപ്തമാക്കും.

അവധി ദിനങ്ങള്‍, പ്രത്യേക സീസണുകള്‍, നഗരത്തില്‍ നടക്കുന്ന വന്‍കിട പരിപാടികള്‍ എന്നിവയിലെ യാത്രാക്കാരുടെ തിരക്ക്, വരുമാനം, ബോട്ട് ഉപഭോഗ നിരക്ക് തുടങ്ങിയ വലിയ വിവരശേഖരങ്ങള്‍ വിശകലനം ചെയ്താണ് എഐ സ്മാര്‍ട്ട് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഒരേസമയം വിശകലനം ചെയ്യാന്‍ ശേഷിയുള്ള അല്‍ഗോരിതങ്ങളും എഐ ടൂളുകളും ഉപയോഗിച്ചാണ് 'സീസണല്‍ നെറ്റ്വര്‍ക്ക്' വികസിപ്പിച്ചിരിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ യഥാര്‍ഥ ആവശ്യങ്ങളും സര്‍വീസുകളുടെ ദീര്‍ഘകാല കാര്യക്ഷമതയും തമ്മില്‍ കൃത്യമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ആര്‍ടിഎയുടെ മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ഖലഫ് ബെല്‍ഗൂസൂസ് അല്‍ സറൂണി പറഞ്ഞു.

സാങ്കേതിക വിദ്യയ്ക്ക് പുറമേ ഔദ്യോഗിക ചാനലുകള്‍ വഴി പൊതുജനങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ചാണ് ഈ സര്‍വീസ് രൂപകല്‍പ്പന ചെയ്യുന്നത്. പുതിയ മാറ്റങ്ങളുള്‍പ്പെടുത്തിയ പുതുക്കിയ വേനല്‍ക്കാല പ്രവര്‍ത്തന പദ്ധതി വരുന്ന ജൂലൈയില്‍ നിലവില്‍ വരും.

Content Highlights: Dubai’s Roads and Transport Authority (RTA) has announced a new initiative to make water public transportation smarter and more efficient. The project aims to improve passenger experience, integrate advanced technologies, and strengthen sustainable transport services in Dubai.

To advertise here,contact us