പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പ്രതിസന്ധി നേരിടുന്ന ദുബായുടെ സാമ്പത്തിക മേഖലയ്ക്ക് കരുത്തുപകരാന്‍ വമ്പന്‍ പ്രഖ്യാപനവുമായി കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 150 കോടി ദിര്‍ഹത്തിന്റെ പുതിയ സാമ്പത്തിക പ്രോത്സാഹന പാക്കേജിന് അദ്ദേഹം അംഗീകാരം നല്കി. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ദുബായ് പ്രഖ്യാപിച്ച ആകെ സാമ്പത്തിക സഹായം 250 കോടി ദിര്‍ഹമായി ഉയര്‍ന്നു.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച പുതിയ പാക്കേജില്‍ ആകെ 33 പ്രധാന സംരംഭങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വരും മാസങ്ങളില്‍ ഇവ ഘട്ടങ്ങളായി നടപ്പിലാക്കാനാണ് തീരുമാനം. ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, കസ്റ്റംസ് തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ ഇളവുകള്‍. ഹോട്ടലുകളില്‍ നിന്നുള്ള ടൂറിസം ദിര്‍ഹം പിരിവ് താല്‍ക്കാലികമായി ഒഴിവാക്കി.
ഹോട്ടല്‍ മുറികളുടെയും റസ്റ്റോറന്റുകളുടെയും വില്പനയ്ക്കുള്ള മുനിസിപ്പല്‍ ഫീസിലും ഇളവ് നല്‍കിയിട്ടുണ്ട്. കൂടാതെ, വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പെര്‍മിറ്റ് ഫീസുകള്‍, റദ്ദാക്കല്‍ ഫീസുകള്‍ എന്നിവയും പൂര്‍ണ്ണമായി ഒഴിവാക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള മുഹമ്മദ് ബിന്‍ റാഷിദ് എസ്റ്റാബ്ലിഷ്മെന്റില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളും കിരീടാവകാശി നടത്തി. 2026-ല്‍ കാലാവധി തീരുന്ന ഇത്തരം കമ്പനികളുടെ അംഗത്വ ലൈസന്‍സ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിട്ടുണ്ട്.
വിവിധ വിൽപ്പനകള്‍ക്കും പ്രമോഷണല്‍ ഓഫറുകള്ക്കുമുള്ള ഫീസുകളും ഒഴിവാക്കി. സപ്ലൈ കരാറുകളുടെ സെക്യൂരിറ്റി തുക 10 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറയ്ക്കുകയും ചെയ്തു. കുട്ടികളുടെ ആദ്യകാല സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് വിപുലമായ ഇളവുകളും പ്രഖ്യാപിച്ചു. ഇതു പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കല്‍ ഫീസിലും പിഴകളിലും ഇളവ് ലഭിക്കും. ഈ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് ഡിക്ലറേഷന്‍ തുകകള്‍ ഇനിമുതല്‍ ഗഡുക്കളായി അടയ്ക്കാന്‍ വ്യാപാരികള്‍ക്ക് കഴിയും. കൂടാതെ, കസ്റ്റംസ് കേസുകളിലെ പിഴകളില്‍ 80 ശതമാനം വരെ വന്‍ ഇളവ് പ്രഖ്യാപിച്ചു. ഗതാഗത മേഖലയിലെ പെയ്മെന്റുകള്‍ അടയ്ക്കാനും കൂടുതല്‍ സമയം അനുവദിച്ചു. വ്യോമയാന മേഖലയ്ക്ക് കരുത്തുപകരാന്‍ സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തന പെര്‍മിറ്റുകള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 50 ശതമാനം ഇളവും പ്രഖ്യാപിച്ചു.
Content Highlights: In response to the continuing West Asian conflict, Dubai authorities have introduced another financial assistance package for affected regions. The initiative aims to support recovery efforts, economic stability, and humanitarian needs in crisis-hit areas.