ദുബായ് നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്ന പുതിയ തുരങ്കപാതയുടെ 80 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മണിക്കൂറില്‍ 12,000ത്തോളം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വിധത്തിലാണ് റോഡ് വികസനവും തുരങ്കപാതാ നിര്‍മാണവും പുരോഗമിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള യാത്രാ സമയം വലിയ തോതില്‍ ലാഭിക്കാനാകും.
ദുബായുടെ പൊതു ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന തുരങ്കപാതയുടെ നിര്‍മാണമാണ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ അതിവേഗം പുരോഗമിക്കുന്നത്. ഇരുഭാഗത്തേയ്ക്കും മൂന്ന് ലൈനുകള്‍ വീതമാകും തുരങ്കപാതയില്‍ ഉണ്ടാവുക. ദേരയിലെ ഇന്‍ഫിനിറ്റി ബ്രിഡ്ജിന് സമീപം നിന്ന് അല്‍ വുഹൈദ സ്ട്രീറ്റ് ഇന്റര്‍സെഷന്‍ വരെ 1650 മീറ്റര്‍ ആണ് നീളം. ഇരു ദിശകളിലുമായി മണിക്കൂറില്‍ 1200 വാഹനങ്ങള്‍ക്ക് കടന്നു പോകാനാകും. ഇതിന് പുറമെ ശൈഖ് റാഷിദ് സ്ട്രീറ്റ്, അല്‍ മിനാ സ്ട്രീറ്റ്, അല്‍ ഖലീജ് സ്ട്രീറ്റ്, കെയ്റോ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഒന്നേമുക്കാല്‍ മണിക്കൂറോളം വേണ്ടിയിരുന്ന യാത്രാ സമയം 16 മിനിറ്റ് മാത്രമായി കുറയും എന്നതാണ് പ്രത്യേകത. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെയ്റോ സ്ട്രീറ്റിലെയും അല്‍ വുഹൈദ സ്ട്രീറ്റിലെയും റൗണ്ട് എബൗട്ടുകള്‍ സിഗ്നലുള്ള ഇന്റര്‍സെക്ഷനുകളാക്കി മാറ്റും. ദുബായ് ഐലന്റില്‍നിന്നും പുതിയ തുരങ്കത്തിലേക്ക് റോഡും നിര്‍മിക്കും. ക്ലാഡിങ്, ലൈറ്റിങ്, ഡ്രെയിനേജ് സംവിധാനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. ദുബായ് ഐലന്റിനെയും ബര് ദുബായിയെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണവും ഇതോടെപ്പം നടന്നുവരുന്നതായും ആര്‍ടിഎ അറിയിച്ചു.
Content Highlights: A major tunnel road project aimed at reducing traffic congestion in Dubai is nearing completion, with authorities confirming that 80 percent of the construction work has been finished. The project is expected to improve traffic flow and reduce travel time significantly.