ഇന്ത്യയില്‍ 42,000 കോടി രൂപയുടെ വന്‍ നിക്ഷേപം നടത്താൻ യുഎഇ. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും ബാങ്കിങ് രംഗത്തും യുഎഇ നിക്ഷേപം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. യുഎഇയ്ക്ക് എതിരായ ഇറാൻ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.
പ്രാദേശിക സമയം രാവിലെ 11.20 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തിയത്. മോദിയുടെ വിമാനം യുഎഇ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ അകമ്പടിയായി വിമാനത്തിന് ഇരുവശത്തും നിരന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്.
ഷെയ്ഖ് മുഹമ്മദുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, ഊര്‍ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സുപ്രധാന ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. ഇതുപ്രകാരം ആര്‍ബിഎല്‍ ബാങ്ക്, സമ്മാന്‍ ക്യാപിറ്റല്‍ എന്നിവയിലും ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലും യുഎഇ 42,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതിനുപുറമെ ദ്രവീകൃത പെട്രോളിയം ഗ്യാസ് വിതരണം, സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് എന്നീ മേഖലകളിലെ സഹകരണത്തിനും ധാരണയായി. ഗുജറാത്തിലെ വടിനാറില്‍ കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കാനുള്ള ധാരണാപത്രവും ഇതിലുള്‍പ്പെടുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ആഗോളതലത്തില്‍ പ്രതിഫലിക്കുന്നതില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനല്‍കേണ്ടതിന്റെ അത്യാവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി. യുഎഇയ്ക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെയും പ്രധാനമന്ത്രി അപലപിച്ചു. രാജ്യന്തര നിയമങ്ങള്‍ പാലിച്ച് മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും യുഎഇയും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Content Highlights: The UAE has announced an investment of ₹42,000 crore in India, while Prime Minister Narendra Modi strongly condemned the recent attacks linked to Iran, highlighting regional security concerns.