മോട്ടോര്‍ സൈക്കിളില്‍ അഭ്യാസം പ്രകടനം നടത്തരുത്; ശക്തമായ നടപടിയുണ്ടാകുമെന്ന് ദുബായ് പൊലീസ്

ദുബായിലെ പ്രധാന റോഡില്‍ മോട്ടാര്‍ സൈക്കിളില്‍ അഭ്യാസം പ്രകടനം നടത്തിയവര്‍ക്കെതിരായാണ് ദുബായ് പൊലീസിന്റെ നടപടി

ദുബായില്‍ മോട്ടോര്‍ സൈക്കിളില്‍ അഭ്യാസം പ്രകടനം നടത്തുന്നവര്‍ക്കിരെ കടുത്ത നടപടിയുമായി പൊലീസ്. നഗരത്തില്‍ അപകടകരമായ രീതിയില്‍ പ്രകടനം നടത്തിയ മോട്ടോര്‍ സൈക്കിളുകള്‍ ദുബായ് പൊലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങള്‍ പാലിച്ച് എല്ലാവരും വാഹനം ഓടിക്കണമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ദുബായിലെ പ്രധാന റോഡില്‍ മോട്ടാര്‍ സൈക്കിളില്‍ അഭ്യാസം പ്രകടനം നടത്തിയവര്‍ക്കെതിരായാണ് ദുബായ് പൊലീസിന്റെ നടപടി. ബൈക്ക് സ്റ്റണ്ട്, ഒറ്റച്ചക്രത്തില്‍ യാത്ര എന്നിങ്ങനെ അപകടകരമായ രീതിയിലായിരുന്നു തിരക്കേറിയ റോഡില്‍ അഭ്യാസ പ്രകടനം. ഇതിന്റെ വീഡിയോയും ദുബായ് പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു.

നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തിയതായും മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തതായും ദുബായ് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ വിടുതല്‍ ഫീസായി വേറെയും തുക നല്‍കണം. ഇത്തരം നടപടികള്‍ മറ്റ് റോഡ് ഉപയോക്താക്കളെയും അപകടത്തിലേയ്ക്ക് തള്ളിവിടുമെന്ന് പൊലീസ് വ്യക്തമാക്കി.

യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രതയോടെ വാഹനം ഓടിക്കണം. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും പൊലീസ് ആവശ്യപ്പെട്ടു.

Content Highlights: Dubai Police has warned riders against performing dangerous motorcycle stunts on public roads. Strict legal action will be taken against violators to ensure road safety and prevent accidents.

To advertise here,contact us