ഹഫീത് റെയിലിന്റെ നിർമാണത്തിൽ വലിയ പുരോ​ഗതി; പദ്ധതിയുടെ 40 ശതമാനം പൂർത്തിയായതായി അധികൃതർ

യുഎഇയിലെ അല്‍ ഐനെയും ഒമാനിലെ സുഹാര്‍ തുറമുഖത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി

യുഎഇയെയും ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതി. പദ്ധതിയുടെ 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 2.5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദല ഇന്‍വെസ്റ്റ്മെന്റ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ഹഫീത് റെയില്‍ പദ്ധതി സജ്ജമാക്കുന്നത്. നിര്‍മാണം ആരംഭിച്ചത് മുതല്‍ അതിവേഗത്തിലാണ് പദ്ധതി മുന്നോട്ട് നീങ്ങുന്നത്. 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. അല്‍ ഐന്‍, ബുറൈമി, വാദി അല്‍ ജാസി, സുഹാര്‍ തുടങ്ങിയ മേഖലഖിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

യുഎഇയിലെ അല്‍ ഐനെയും ഒമാനിലെ സുഹാര്‍ തുറമുഖത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 238 കിലോമീറ്റര്‍ നീളമുള്ള പ്രധാന ഇടനാഴിയുള്‍പ്പെടെ ആകെ 303 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍ ശൃംഖല ഒരുങ്ങുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാകും സര്‍വീസിനായി സജ്ജമാക്കുക. ചരക്ക് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുണ്ടാകും.

റെയില്‍വേ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയത്തില്‍ വലിയ കുറവ് ഉണ്ടാകും. അബുദാബിയില്‍ നിന്ന് സുഹാറിലേക്കുള്ള യാത്രക്ക് വേണ്ടി വരിക ഒരു മണിക്കൂര്‍ 40 മിനിറ്റ് മാത്രമാണ്. സുഹാറില്‍ നിന്ന് അല്‍ ഐനിലേക്ക് വെറും 47 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകും. അതിര്‍ത്തി കടന്നുള്ള ചരക്ക് നീക്കം എളുപ്പമാക്കുന്നതിലൂടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വ്യാവസായിക മേഖലകള്‍ക്കും വലിയ ഉണര്‍വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും പദ്ധതി സഹായകമാകും.

Content Highlights: Officials announced that 40 percent of the Hafeet Rail project construction has been completed, marking significant progress in the major UAE-Oman railway infrastructure initiative.

To advertise here,contact us