ദുബായിലെ പൊതുഗതാഗത സംവിധാനം വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദുബായ് മെട്രോയുടെ പുതിയ ഗോള്‍ഡ് ലൈന്‍ പദ്ധതി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 34 ബില്യണ്‍ ദിര്‍ഹത്തിന്റെതാണ് പുതിയ പദ്ധതി. പൂര്‍ണമായും ഭൂഗര്‍ഭ മെട്രോ പാതയായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ദുബായിലെ 15 പ്രധാന തന്ത്രപ്രധാന മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാകും ഗോള്‍ഡ് ലൈന്‍ സജ്ജമാക്കുക. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമാകും ഗോള്‍ഡ് ലൈന്‍ പാതയ്ക്ക് ഉണ്ടാവുക. ഏകദേശം 15 ലക്ഷത്തോളം യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നഗരത്തിലുടനീളമുള്ള 15 പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതിനൊപ്പം നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന 55 പ്രമുഖ റിയല്‍ എസ്റ്റേറ്റ് വികസന പദ്ധതികളിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും പുതിയ പാത സഹായിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാനമായ വികസന പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബായ് മെട്രോ ശൃംഖലയുടെ ആകെ നീളത്തില്‍ 25 ശതമാനം വര്‍ദ്ധനവുണ്ടാകും. 2032 സെപ്റ്റംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഭാവിയിലേക്കുള്ള പ്രയത്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നും കൂടുതല്‍ കരുത്തോടെ അത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നല്കുന്ന വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കുമെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി.
Content Highlights: Dubai Metro is set to launch the new Gold Line project, bringing significant upgrades and improvements to the public transport system and commuter experience in the city