പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് ശേഷം വീണ്ടും തുറന്ന ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകരെ വരവേൽക്കുന്നത് ആകര്‍ഷകമായ ഓഫറുകളുമായാണ്. വലിയ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആഴ്ചകളുടെ ഇടവേളക്ക് ശേഷം ഗ്ലോബല്‍ വില്ലേജ് വീണ്ടും തുറന്നതിന് പിന്നാലെയാണ് വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ നീണ്ട 51 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുബായ് ഗ്ലോബല്‍ വില്ലേജ് വീണ്ടും തുറന്നത്. എന്നാല്‍ ഇരട്ടി ആവേശത്തോടെയാണ് ഗ്ലോബല്‍ വില്ലേജ് ജനങ്ങളെ സ്വീകരിക്കുന്നത്. സീസണ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിപണി കൂടുതല്‍ സജീവമാക്കുന്നതിനായി മിക്ക പവലിയനുകളിലും വന്‍ തോതിലുള്ള ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനീസ് പവലിയനില്‍ വസ്ത്രങ്ങള്‍ക്കും മറ്റ് ഉത്പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് നിലവിലുള്ളത്.
നേരത്തെ 150 ദിര്‍ഹത്തിന് വിറ്റിരുന്ന ഉത്പ്പന്നങ്ങള്‍ ഇപ്പോള്‍ നൂറ് ദിര്‍ഹത്തില്‍ താഴെ വിലയ്ക്ക് ലഭ്യമാണ്. പലയിടങ്ങളിലും നൂറ് ദിര്‍ഹത്തിന് മൂന്ന് വസ്ത്രങ്ങള്‍ എന്ന രീതിയിലുള്ള പാക്കേജുകളും ലഭ്യമാക്കുന്നു. ഇന്ത്യന്‍ പവലിയനിലെ ആഭരണ സ്റ്റാളുകളില്‍ പത്ത് ദിര്‍ഹം മുതല്‍ 30 ദിര്‍ഹം വരെ മാത്രം വിലയുള്ള പ്രത്യേക റാക്കുകളും സന്ദര്‍ശകരെ കാത്തിരിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ചായപ്പൊടികള്ക്കും വരും ദിവസങ്ങളില്‍ കൂടുതല്‍ കിഴിവുകള്‍ നല്കാന് ശ്രീലങ്കന്‍ പവലിയനിലെ വ്യാപാരികളും തയ്യാറെടുക്കുകയാണ്.
വൈകുന്നേരം അഞ്ച് മുതല്‍ രാതി 12 മണിവരെയാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം. നേരത്തെ പ്രഖ്യാപിച്ച സമയക്രമ പ്രകാരം മെയ് മാസത്തിലാണ് ഗ്ലോബല്‍ വില്ലേജിന്റെ ഇത്തവണത്തെ സീസണ് അവസാനിക്കേണ്ടത്. 90-ലധികം രാജ്യങ്ങളുടെ പവലിയനുകളും വൈവിധ്യമാര്‍ന്ന പരിപാടികളുമായി വീണ്ടും സജീവമാണ് ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിനാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
Content Highlights: Dubai Global Village has launched exciting new offers, enhancing the experience for visitors and boosting tourist attraction with special deals and entertainment options.