യുഎഇയില്‍ വ്യാജ ട്രാഫിക് പിഴകളുടെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പാര്‍ക്കിങ് സേവന ദാദാക്കളായ പാര്ക്കിന് കമ്പനി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. അപരിതമായ സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യുഎഇയില്‍ ട്രാഫിക് പിഴകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ട്രാഫിക് പിഴയുടെ പേരിലുള്ള കുടിശിക ഉടന്‍ അടച്ചില്ലെങ്കില്‍ വലിയ പിഴയും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകളും ചുമത്തും എന്ന പേരിലാണ് സന്ദേശങ്ങള്‍ എത്തുന്നത്. പണം അടക്കുന്നതിനുളള ലിങ്കും ഇതിനൊപ്പം നല്‍കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഔദ്യോഗിക സംവിധാനങ്ങളിലേതിന് സമാനമായ ലിങ്കുകളും സന്ദേശങ്ങളുമാണ് പൊതുജനങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പൊതു പാര്‍ക്കിങ് സേവന ദാതാക്കളായ പാര്ക്കിന്.
അപരിചിതമായ ലിങ്കുകള്‍ വഴി പണമടയ്ക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പാര്ക്കിന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തട്ടിപ്പ് സംഘം അയക്കുന്ന ലിങ്കുകള്‍ പലതും ഫിഷിങ് സൈറ്റുകളുമായി ബന്ധിപ്പിപ്പിട്ടുള്ളതാകും. ഇതിലൂടെ ബാങ്ക് വിശദാംശങ്ങളും സ്വകാര്യ വിവരങ്ങളും ഉള്‍പ്പെടെ സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിയും. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരിക ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
രാജ്യത്തിന് പുറത്ത് നിന്നുള്ള നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളോടും അതീത ജാഗ്രത പാലിക്കണമെന്നും പാര്ക്കിന് കമ്പനി നിര്‍ദ്ദേശിച്ചു. എല്ലാത്തരം ഫീസുകളും പിഴകളും അടക്കുന്നതിനായി ഔദ്യേഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അബുദാബിയില്‍ ടോള്‍ ഫീസിന്റെ പേരിലും അടുത്തിടെ ജനങ്ങള്‍ക്ക് നിരവധി വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
Content Highlights: Authorities in United Arab Emirates have issued a warning about a rise in online scams related to fake traffic fines, urging residents to stay cautious.