മഴക്കാലത്ത് വാഹനങ്ങളിൽ അപകടകരമായ അഭ്യാസ പ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

സ്വന്തം ജീവന് പുമറെ മറ്റ് യാത്രക്കാരുടെ സുരക്ഷക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന നടപടികളാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ദുബായ് പൊലീസ് പറഞ്ഞു

മഴക്കാലത്ത് വാഹനങ്ങളില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

മഴ പെയ്ത സമയങ്ങളില്‍ ദുബായ് നഗരത്തില്‍ നിന്നുള്ള കാഴ്ചകളാണ് ഇത്. അപടകരമായ സ്റ്റണ്ടുകള്‍, അപ്രതീക്ഷിതമായി വാഹനം തിരിക്കല്‍, അനാവശ്യമായ ശബ്ദം സൃഷ്ടിക്കാല്‍ തുടങ്ങി ഗുരുതരമായ നിയമ ലംഘനങ്ങളാണ് ഡ്രൈവര്‍മാര്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പലരും പങ്കുവെച്ചു. അല്‍ റുബ, ലഹ്ബാബ് തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് നിരവധി വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. നിയമ നടപടിക്ക് പുറമെ ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴയും ചുമത്തി. വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 ദിര്‍ഹം വരെ വിടുതല്‍ ഫീസും നല്‍കേണ്ടിവരും.

സ്വന്തം ജീവന് പുമറെ മറ്റ് യാത്രക്കാരുടെ സുരക്ഷക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന നടപടികളാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ദുബായ് പൊലീസ് പറഞ്ഞു. മഴക്കാലത്ത് റോഡുകളില്‍ ഗ്രിപ്പ് കുറയുമെന്നതിനാല്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണെന്നും ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നിരീക്ഷണവും നടപടിയും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

മഴക്കാലത്ത് വേഗം കുറയ്ക്കുകയും സുരക്ഷിത അകലം പാലിക്കുകയും വാഹനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ ശരിയായ നിലയിലാണെന്നും ഉറപ്പാക്കുകയും വേണം. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. അപകടകരമായ ഡൈവിംഗ് ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുജനങ്ങളോടും പൊലീസ് അഭ്യര്‍ത്ഥിച്ചു. പൊലീസ് ഐ എന്ന ആപ്പ് വഴിയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും.

Content Highlights: Dubai Police have arrested drivers involved in dangerous vehicle stunts during the rainy season, reinforcing road safety measures.

To advertise here,contact us