ഗതാഗത നിയമ ലംഘകര്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കുന്നവര്ക്കെതിരെയാണ് മുന്നറിയിപ്പ്. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരേഡുകള്‍ക്കും ഒത്തുചേരലുകള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവും പൊലീസ് പുറത്തിറക്കി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങളും ഒത്തുചേരലുകളും നടത്തുന്ന പ്രവണത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. റോഡുകളില്‍ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തുന്നതും വാഹനങ്ങളുടെ സണ്‍റൂഫുകളില്‍ നിന്നോ വിന്‍ഡോകളില്‍ നിന്നോ ശരീരഭാഗങ്ങള്‍ പുറത്തിടുന്നതും സുരക്ഷാ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇവ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
വാഹനത്തിലുള്ളവരുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന വിധമുള്ള ഡ്രൈവിംഗ് രീതികള്‍ ഒഴിവാക്കണം. സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ്. ഇത്തരം നിയമ ലംഘനം നടത്തുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇതിന് പുറമെ അറുപത് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനം വിട്ടുകൊടുത്താൽ വിടുതല്‍ ഫീസായി വെറെയും തുക അടക്കേണ്ടി വരും. അനുമതിയില്ലാതെ വാഹന പരേഡ് നടത്തിയാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ട്രാഫിക് പോയിന്റുകളും ചുമത്തുമെന്നും പൊലീസ് അറിയിച്ചു. 15 ദിവസത്തെക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. എന്നാല്‍ ആഘോഷങ്ങളുടെ ഭാഗമായി മുന്‍കൂര്‍ അനുമതിയോടെ പരേഡുകളും ഒത്തുചേരുകളും നടത്തുന്നതിന് തടസമില്ല.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇതിന് പാലിക്കേണ്ടതുണ്ട്. നിയമം പാലിക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും സാമൂഹിക ഉത്തരവാദിത്തമാണെന്നും പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധനയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Abu Dhabi Police has issued a warning that celebrations involving vehicles require prior approval, emphasizing strict enforcement against violations.