ഗ്ലോബൽ വില്ലേജ് തുറക്കാനായി ദുബായ് നിവാസികളുടെ കാത്തിരിപ്പ്; തീരുമാനം ആയില്ലെന്ന് അധികൃതർ

ഇറാന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രവര്‍ത്തനം നിര്‍ത്തിവച്ച ഗ്ലോബല്‍ വില്ലേജ് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്

സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ ദുബായിലെ പ്രധാന വിനോസഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് എപ്പോള്‍ തുറക്കുമെന്ന ആകാംക്ഷയില്‍ യുഎഇയിലെ താമസക്കാരും സഞ്ചാരികളും. അതേസമയം ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇറാന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ മാര്‍ച്ച് ഒമ്പതിന് പ്രവര്‍ത്തനം നിര്‍ത്തിവച്ച ഗ്ലോബല്‍ വില്ലേജ് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച സുരക്ഷാ അവലോകനങ്ങള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് എപ്പോള്‍ തുറക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ വ്യക്തമാക്കി.

ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാകും ഗ്ലോബല്‍ വില്ലേജ് തുറക്കുന്ന തീതിയ പ്രഖ്യാപിക്കുക. സന്ദര്‍ശകരുടെ താല്‍പ്പര്യത്തെ അഭിനന്ദിക്കുന്നതായും കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ പിന്‍തുടരണമെന്നും ഗ്ലോബല്‍ വില്ലേജ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച സമയക്രമ പ്രകാരം മെയ് മാസത്തിലാണ് ഗ്ലോബല്‍ വില്ലേജിന്റെ ഇത്തവണത്തെ സീസണ്‍ അവസാനിക്കേണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് പാര്‍ക്ക് വീണ്ടും തുറക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

90-ലധികം രാജ്യങ്ങളുടെ പവലിയനുകളും വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളുമായി സജീവമായിരുന്ന ഗ്ലോബല്‍ വില്ലേജിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് സന്ദര്‍ശകര്‍. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ദുബായിലെ മറ്റ് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടില്ല.

Content Highlights: Residents in Dubai are eagerly awaiting the reopening of Global Village, one of the city’s most popular attractions. However, authorities have not yet finalized a decision regarding its opening, leaving visitors and residents in anticipation.

To advertise here,contact us