ഷാര്‍ജയില്‍ കെട്ടിട വാടക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ പ്രോപ്പര്‍ട്ടി ഫൈന്‍ഡറുടെ പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 33 ശതമാനം വരെ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രോപര്‍ട്ടി ഫൈന്‍ഡറുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കിലാണ് ഷാര്‍ജ എമിറേറ്റില്‍ വാര്‍ഷിക വാടക കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 45,000 ദിര്‍ഹം വാര്‍ഷിക വാടകയുണ്ടായിരുന്ന കെട്ടിടങ്ങളുടെ വാടക ഈ വര്‍ഷം 60,000 ദിര്‍ഹമായാണ് വര്‍ദ്ധിച്ചത്.
വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനത്തോളമാണ് വര്‍ദ്ധനവ്. എമിറേറ്റിലെ വേഗത്തില്‍ വികസനം നടക്കുന്ന പ്രദേശങ്ങളിലാണ് വാടക കൂടുതല്‍ ഉയര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മുവൈല മേഖലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധന. അല്‍ ഗര്‍ബ്, അല്‍ ദൈദ്, അല്‍ ഹീരാഹ്., അല്‍ ബതാഹ് തുടങ്ങിയ പ്രദേശങ്ങളിലും വാടക കൂടിയിട്ടുണ്ട്. ഇവിടങ്ങളില്‍ 40 മുതല്‍ 56 ശതമാനം വരെയാണ് വാര്‍ഷികാടിസ്ഥാനത്തിലെ വാടക വര്‍ദ്ധനവ്.
ഷാര്‍ജയില്‍ താമസ കെട്ടിടങ്ങള്‍ക്ക് വര്‍ദ്ധിച്ചു ഡിമാന്റ് ആണ് നിരക്ക് വര്‍ദ്ധനവിന് കാരണമെന്നാണ് വിലയിരുത്തല്‍. ദുബായില്‍ ജോലി ചെയ്യുന്ന നിരവധി ആളുകളും കുടുംബങ്ങളാണ് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്. ദുബായെ അപേക്ഷിച്ച് താരതമ്യേനെ കുറഞ്ഞവാടകക്ക് താമസ സ്ഥലം ലഭിക്കുമെന്നാതാണ് കൂടുതലായി ആളുകള്‍ ഇവിടേക്ക് എത്താന്‍ കാരണം. എന്നാല്‍ പ്രധാന മേഖലകളിലെ വര്‍ദ്ധിച്ചുവരുന്ന വാടക നിരക്ക് തങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന് പ്രവാസികള്‍ പറയുന്നു. അതിനിടെ ഷാര്‍ജയുടെ ഉള്‍മേഖലകളില്‍ പലയിടത്തും കുറഞ്ഞ നിരക്കില്‍ ഇപ്പോഴും താമസകെട്ടിടങ്ങള്‍ ലഭ്യമാണ്.
Content Highlights: